തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തൊന്നാമത് ജന്മദിനം സേവാ സമർപ്പൺ അഭിയാൻ എന്ന പേരിൽ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ ഏഴ് വരെയുള്ള 20 ദിവസങ്ങളിലായി വിവിധ സേവന- സമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് രാജ്യവ്യാപകമായി ബിജെപി ആഘോഷിക്കും. 17ന് രാവിലെ എല്ലാ ബൂത്തുകളിലും വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുർ-ആരോഗ്യത്തിന് വേണ്ടി പൂജകളും പ്രാർത്ഥനകളും നടത്തും.
ജില്ലാതലങ്ങളിലും പഞ്ചായത്തുകളിലും ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പട്ടികജാതി കോളനികൾ, പിന്നാക്ക ചേരിപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സേവനപ്രവർത്തനങ്ങൾ നടത്തും. എല്ലാ ബൂത്തുകളിൽ നിന്നും പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ അർപ്പിച്ചു പോസ്റ്റ് കാർഡുകൾ അയക്കും.
17, 18, 19 തീയതികളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാനമന്ത്രിയുടെ ജീവിതവും ഭരണ നേട്ടങ്ങളും വിശദീകരിക്കുന്ന പ്രദർശിനികൾ പൊതുജനങ്ങൾക്കായി ഒരുക്കും. കർഷകമോർച്ചയുടെ നേതൃത്വത്തിൽ കർഷകരെയും സൈനികരെയും ആദരിക്കും. വിപുലമായ രീതിയിൽ ഉള്ള പരിസ്ഥിതിസംരക്ഷണ പരിപാടികളാണ് പാർട്ടി സംഘടിപ്പിക്കുക.
സംസ്ഥാനവ്യാപകമായി പുഴകളും തോടുകളും വൃത്തിയാക്കുന്നതിനോടൊപ്പം സെപ്തംബർ 26ന് വിവിധ നദികളുടെ ഭാഗമായുള്ള 71 കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. നിയോജകമണ്ഡലങ്ങളിൽ രക്തദാന- മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ദുർബല ജനവിഭാഗങ്ങളെ സൗജന്യമായി വിവിധ കേന്ദ്ര പദ്ധതികളിൽ അംഗങ്ങളാക്കും. സെപ്തംബർ 20 മുതൽ ഒക്ടോബർ 5 വരെ സംസ്ഥാന- ജില്ലാതലങ്ങളിൽ സെമിനാറുകളും വെർച്ച്വൽ സംവാദങ്ങളും സംഘടിപ്പിക്കും. 17-ന് മുതിർന്ന നേതാക്കൾ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.