തിരുവനന്തപുരം: ബസ് യാത്രക്കൂലി വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യബസ്സുടമകൾ ഒക്ടോബർ 31ന് സൂചന പണിമുടക്ക് നടത്തുമെന്ന് ബസ്സുടമ സംയുക്ത സമിതി അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിത കാലത്തേക്ക് സർവിസ് നിർത്തിവെക്കും.
ബസ് യാത്രക്കൂലിയും വിദ്യാർഥികളുടെ യാത്രാനിരക്കും വർധിപ്പിക്കുന്നത് അനന്തമായി നീട്ടുന്നതിലും സീറ്റ് ബെൽറ്റ്, കാമറ തുടങ്ങി ബസ്സുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപിക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം. ഇതിനുപുറമേ, സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ഓർഡനറി ആക്കി മാറ്റിയതിലും 140 കി.മീറ്ററിലധികം സർവിസുള്ള സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിലും സംഘടന പ്രതിഷേധമറിയിച്ചു.
സൂചന സമരത്തിന് ശേഷവും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കും. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ ചെയർമാൻ ലോറൻസ് ബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.