കൊച്ചി: സ്ഥിരം നിയമലംഘകനും കുറ്റവാളിയുമായ ലക്ഷദ്വീപ് മുൻ എം.പി ഫൈസലടക്കം പ്രതികൾക്ക് സെഷൻസ് കോടതി വിധിച്ച തടവ് ശിക്ഷ മരവിപ്പിക്കുന്നതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം ഹൈകോടതിയിൽ. ഒന്നാം പ്രതി സെയ്ദ് മുഹമ്മദ് നൂറുൽ അമീർ, രണ്ടാം പ്രതി മുൻ എം.പി ഫൈസൽ എന്നിവരടക്കം പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും ശിക്ഷ മരവിപ്പിക്കുന്നത് ലക്ഷദ്വീപ് ജനതക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അപ്പീലിനെ എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം നൽകിയ വിശദീകരണത്തിൽ പറയുന്നു.
ലക്ഷദ്വീപ് എസ്.പി, കവരത്തി സെഷൻസ് കോടതി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം. 2009ൽ മുൻ കേന്ദ്ര മന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ കോടതി വിധിച്ച പത്ത് വർഷം തടവും ഒരുലക്ഷം രൂപ പിഴയും ചോദ്യം ചെയ്ത് ഫൈസലടക്കമുള്ളവർ നൽകിയ അപ്പീൽ ഹരജിയിലാണ് വിശദീകരണം.
2009 ഏപ്രിൽ 16ന് വൈകീട്ട് 5.30ന് എതിർ രാഷ്ട്രീയ കക്ഷികൾക്കു നേരെ ഭീഷണിയുമായി ചെന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചതിന് ആന്ത്രോത്ത് പൊലീസെടുത്ത കേസിലാണ് കവരത്തി സെഷൻസ് കോടതിയുടെ ശിക്ഷ വിധി ഉണ്ടായത്. അധ്യാപകനായിരുന്ന ഒന്നാം പ്രതിയെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. രാഷ്ട്രീയ വൈരം വെച്ച് വധിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകന്റെ ശിക്ഷ മരവിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.
രണ്ടാം പ്രതിയായ മുൻ പാർലമെന്റ് അംഗം പല ക്രിമിനൽ കേസിലും പ്രതിയാണ്. കൊച്ചി സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലും അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസിലും പ്രതിയാണ്. കവരത്തി പൊലീസ് ദുരന്ത നിവാരണ നിയമ പ്രകാരമടക്കം എടുത്തിട്ടുള്ള നിരവധി കേസിലും പ്രതിയാണ്. വിചാരണ കോടതി വിധിക്ക് പിന്നാലെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. മൂന്ന് വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടാൽ മൂന്ന് മാസത്തിനപ്പുറം ജനപ്രതിനിധിയായി ഇരിക്കാൻ സുപ്രീംകോടതി ഉത്തരവ് പ്രകാരം സാധ്യമല്ല. അത്യപൂർവ സാഹചര്യത്തിലല്ലാതെ ശിക്ഷ മരവിപ്പിക്കരുതെന്നാണ് സുപ്രീംകോടതി ഉത്തരവ്. രാഷ്ട്രീയ നേതാക്കളാണ് പ്രതികൾ. വിചാരണ കോടതി ഉത്തരവിൽ ഇടപെട്ട് ശിക്ഷ മരവിപ്പിക്കുന്നത് ജനങ്ങളുടെ ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ ഇല്ലാതാക്കും.
വധശ്രമം നടത്തിയതിന് ശക്തമായ സാക്ഷിമൊഴികളുണ്ട്. വിശ്വസനീയമായ മൊഴികളും ഉപോൽബലകമായി മെഡിക്കൽ തെളിവുകളുമുണ്ടെങ്കിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടത്തിയില്ലെങ്കിലും പ്രതികളെ ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ആയുധങ്ങൾ കൈയിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്. മുറിവേറ്റ് ചികിത്സയിലായിരുന്നവരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതിനാൽ വിചാരണ കോടതിയുടെ ശിക്ഷ വിധിയിൽ അപാകതയില്ലെന്നും അപ്പീൽ അനുവദിക്കരുതെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.