കായികതാര വെയിറ്റേജ് പരിശോധിക്കും; 57 തസ്തികയില്‍ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: മികച്ച കായികതാരങ്ങള്‍ക്ക് വെയിറ്റേജ് നല്‍കുന്നത് സംബന്ധിച്ച് വിശദ പരിശോധന നടത്താന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. 57 പുതിയ തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കും. സര്‍വകലാശാല അസിസ്റ്റന്‍റ് തസ്തികയില്‍ കാലിക്കറ്റിലേക്ക് അഡൈ്വസ് ചെയ്ത 20 ഒഴിവില്‍ നിയമന ഉത്തരവ് നല്‍കാത്തത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു. 

പുതിയ ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ ചുമതലയേറ്റശേഷം ചേര്‍ന്ന ആദ്യ കമീഷന്‍ യോഗത്തിലാണ് തീരുമാനങ്ങള്‍. കായികതാരങ്ങള്‍ക്ക് ക്ളാസ് മൂന്ന്, ക്ളാസ് നാല് തസ്തികകള്‍ക്ക് മത്സരയിനം തിരിച്ച് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്നതില്‍ സര്‍ക്കാര്‍ പല ഘട്ടങ്ങളിലായി പി.എസ്.സിയുടെ ഉപദേശം തേടിയിരുന്നു. അപ്രധാനമായതും മത്സരാര്‍ഥികള്‍ ഇല്ലാത്തതുമായ ഇനങ്ങള്‍ ഒഴിവാക്കാന്‍ വിവിധ കോടതി ഉത്തരവുകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, സോണുകള്‍ ഉള്ള സര്‍വകലാശാലകള്‍, സോണുകള്‍ ഇല്ലാത്ത സര്‍വകലാശാലകള്‍ എന്നിവ ഉള്‍പ്പെടുത്തി വിശദമായി പരിശോധിക്കും. അടുത്ത കമീഷന്‍ യോഗം ഇത് പരിഗണിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ഇന്‍ പതോളജി, എക്സൈസില്‍ സിവില്‍ എക്സൈസ് ഓഫിസര്‍ ട്രെയിനി (നേരിട്ടും തസ്തികമാറ്റം വഴിയും -14 ജില്ല), നീതിന്യായ വകുപ്പില്‍ പ്രോസസ് സെര്‍വര്‍ (എല്ലാ ജില്ലയും), വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍, ഡിപ്പോ വാച്ചര്‍ (ആലപ്പുഴ ഒഴികെ 13 ജില്ല), റവന്യൂ വകുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക നിയമനം എല്‍.ഡി ക്ളര്‍ക്ക് (ബാക്ക് ലോഗ്-14 ജില്ല) എന്നിവ ഉള്‍പ്പെടെയാണ് 57 തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. 

പി.എസ്.സി ആസ്ഥാന ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കത്തെുന്ന ഉദ്യോഗാര്‍ഥികളുടെ കൂടെ വരുന്നവര്‍ക്ക് വിശ്രമമുറി നിര്‍മിക്കും. സാങ്കേതിക അനുമതിക്ക് വിധേയമായി, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വിശ്രമമുറികള്‍ തയാറാക്കാനാണ് തീരുമാനം. കാലിക്കറ്റ് സര്‍വകലാശാല എഴുതി അറിയിച്ച 20 ഒഴിവിലേക്ക് അഡൈ്വസ് നല്‍കിയെങ്കിലും ചില ആക്ഷേപങ്ങള്‍ ഉന്നയിച്ച് സര്‍വകലാശാല നിയമന ഉത്തരവ് നല്‍കാതിരിക്കുന്നത് കമീഷന്‍ ചര്‍ച്ച ചെയ്തു. സര്‍വകലാശാല അധികാരികള്‍, പി.എസ്.സി അഭിഭാഷകര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കും.പുതിയ ചെയര്‍മാന്‍ ആവശ്യപ്പെട്ടതനുസരിച്ച് വിവിധ നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ അവതരിപ്പിച്ചു. ഇവ അജണ്ട നിശ്ചയിച്ച് ഓന്നൊന്നായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. പതിവിന് വിപരീതമായി കമീഷന്‍ തീരുമാനങ്ങളുടെ വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

Tags:    
News Summary - psc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.