തിരുവനന്തപുരം: പുൽവാമ ആക്രമണത്തിന് പിന്നിൽ സുരക്ഷാ വീഴ്ചയാണെന്ന ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മലികിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. 300 കിലോ ആർ.ഡി.എക്സ് നിറച്ച കാർ ജമ്മു കശ്മീരിൽ 10-12 ദിവസം ചുറ്റിക്കറങ്ങിയിട്ടും സുരക്ഷാ സംവിധാനങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ആരോപണം കേന്ദ്ര സർക്കാറിന്‍റെ വലിയ പരാജയമാണ് ചൂണ്ടിക്കാട്ടുന്നത്.
പരിക്കേറ്റ ജവാൻമാരെ കൊണ്ടു പോകാൻ വിമാനങ്ങൾ ആവശ്യപ്പെട്ടിട്ട് ആഭ്യന്തര വകുപ്പ് അനുവദിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. എന്നു മാത്രമല്ല, ഈ വീഴ്ചകൾ മറച്ചു വെക്കണമെന്ന് പ്രധാനമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടുവെന്ന കാര്യവും കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ജവാൻമാരുടെ ജീവനെ ഉപയോഗപ്പെടുത്തുകയാണെന്ന് വ്യക്തമാക്കുന്നതാണ്.
രാഷ്ട്ര സുരക്ഷ എന്നത് മോദി സർക്കാർ ജനങ്ങളെ വികാരം കൊള്ളിക്കാൻ ഉപയോഗിക്കുന്ന വാചക കസർത്ത് മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തലുകളെല്ലാം. മോദി സർക്കാർ കെട്ടിപ്പടുത്ത ദേശസുരക്ഷ എന്നത് കേവലം പൊയ്മുഖം മാത്രമാണെന്ന് വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. പുൽവാമ പ്രശ്നത്തിൽ ആഭ്യന്തര മന്ത്രാലയത്തിനും ഇന്റലിജൻസ് ഏജൻസികൾക്കും വന്ന വീഴ്ചയെ സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.