കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് 15 ദിവസം മാത്രം ശേഷിക്കെ മൂന്ന് മുന്നണികളുടെയും പ്രചാരണം വികസനത്തിലൂന്നി. അരനൂറ്റാണ്ട് യു.ഡി.എഫ് കൈയിൽവെച്ചിട്ടും പുതുപ്പള്ളിയിൽ വികസനം എത്തിനോക്കിയിട്ടില്ലെന്നാണ് എൽ.ഡി.എഫിന്റെ പ്രചാരണമെങ്കിൽ സംസ്ഥാന സർക്കാറിന്റെ ചിറ്റമ്മനയം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫിന്റെ മറുപടി. ഇരുമുന്നണികളും അവഗണിച്ചതാണ് പുതുപ്പള്ളിയിലെ വികസനമുരടിപ്പിനു കാരണമെന്ന് എൻ.ഡി.എ.
എൽ.ഡി.എഫ് കുടുംബസദസ്സുകൾ നടത്തി വികസന മുരടിപ്പ് ചർച്ചയാക്കാൻ ശ്രമിക്കുമ്പോൾ കുടുംബസംഗമങ്ങളിലൂടെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുകയാണ് യു.ഡി.എഫ്. പുതിയ പുതുപ്പള്ളിയാണ് എൻ.ഡി.എ വോട്ടർമാർക്ക് വാഗ്ദാനം ചെയ്യുന്നത്.
പുതുപ്പള്ളിയിലെ വികസനം സംബന്ധിച്ച ഏതു സംവാദത്തിനും തയാറാണെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് പറയാനുള്ളത്. അതുമാത്രം പോര. മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളും ചർച്ചയിൽ വരട്ടെ. കാര്യകാരണങ്ങൾ സഹിതമാണ് ബന്ധപ്പെട്ടവർ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നും അതേക്കുറിച്ച് മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളതെന്ന് ജനങ്ങൾക്ക് അറിയണ്ടേ എന്നും ചാണ്ടി ഉമ്മൻ ചോദിക്കുന്നു.
പുതുപ്പള്ളിയിലെ വികസനം ചർച്ച ചെയ്യാൻ സ്ഥലവും സമയവും പറഞ്ഞിട്ടും യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ എത്തിയില്ലെന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ മറുപടി. ചാണ്ടി ഉമ്മൻ എന്തിനാണ് ഒളിച്ചോടുന്നത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളും ചർച്ച ചെയ്യട്ടെ. ജനങ്ങൾക്ക് എല്ലാം അറിയാമല്ലോ. അതിനപ്പുറം ഒന്നും പറയാനില്ലെന്നും ജെയ്ക് വ്യക്തമാക്കുന്നു.
50 കൊല്ലം മുമ്പുള്ള ഗ്രാമം എങ്ങനെയെന്നു മനസ്സിലാക്കാൻ ജനത്തെ പുതുപ്പള്ളിയിലേക്കു ക്ഷണിക്കുകയാണ് എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ. പുതുപ്പള്ളിക്ക് മാറ്റം വേണം. വികസനം മാത്രമല്ല ഓണക്കാലത്ത് അവശ്യവസ്തുക്കൾ ലഭ്യമാക്കാൻപോലും കഴിയാത്ത സർക്കാറാണിത്. അതെല്ലാം ജനം വിലയിരുത്തുമെന്നും ലിജിൻ ലാൽ പറഞ്ഞു.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഗോദയിൽ മത്സരത്തിന് ആരൊക്കെ എന്ന് തിങ്കളാഴ്ച അറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി വൈകീട്ട് മൂന്നിന് അവസാനിക്കും.
നാലുമണിയോടെ സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുന്ന നടപടികളിലേക്ക് കടക്കും. സൂക്ഷ്മപരിശോധനയിൽ ഏഴുപേരുടെ പത്രികകളാണ് സ്വീകരിച്ചത്.
ചാണ്ടി ഉമ്മൻ (കോൺഗ്രസ്), ജെയ്ക് സി. തോമസ് (സി.പി.എം), ജി. ലിജിൻലാൽ (ബി.ജെ.പി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), പി.കെ. ദേവദാസ്, സന്തോഷ് ജോസഫ്, ഷാജി (സ്വതന്ത്രർ) എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.