‘തൃശൂർ പൂരം കലക്കി സുരേഷ്‌ ഗോപിക്ക്‌ വഴി വെട്ടിയത്‌ ആരാണെന്ന് ഇനി ഞാനായിട്ട് പറയുന്നില്ല’; എ.ഡി.ജി.പി അജിത് കുമാറിനെ വിടാതെ പി.വി അൻവർ

എ.ഡി.ജി.പി അജിത് കുമാറിനെതിരെ വീണ്ടും ആരോപണങ്ങളുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ. തൃശൂർ പൂരം കലക്കി സുരേഷ്‌ ഗോപിക്ക്‌ വഴിവെട്ടിയത്‌ അജിത് കുമാറാണെന്നാണ് ഫേസ്ബുക്കിൽ അൻവറിന്റെ ആരോപണം. എന്ത്‌ വില കൊടുത്തും തൃശൂർ പിടിക്കുക എന്നത്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു. എന്നാൽ, സഖാവ്‌ വി.എസ്‌. സുനിൽ കുമാറിന്റെ ജനകീയ മുഖം അവരുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽപ്പിച്ചു. തൃശൂർ പൂരം വിവാദം ഉണ്ടായിരുന്നില്ലെങ്കിൽ അവിടെനിന്ന് സഖാവ്‌ വി.എസ്‌ സുനിൽകുമാർ ഉറപ്പായും തെരഞ്ഞെടുക്കപ്പെടുമെന്ന സാഹചര്യമാണ് അന്നവിടെ ഉണ്ടായിരുന്നത്‌. ഇതൊക്കെ മാറ്റിമറിച്ചത്‌ ‘തൃശൂർ പൊലീസിന്റെ പൂരം കലക്കൽ’ തന്നെയാണ്. താരതമ്യേന ജൂനിയറായ എ.സി.പി അങ്കിത്‌ അശോക്‌ സ്വന്തം താൽപര്യപ്രകാരം ഇങ്ങനെ ഒരു വിവാദത്തിൽ ഇടപെടുമെന്ന് നിങ്ങൾ ഇന്നും കരുതുന്നുണ്ടോ നിഷ്‍കളങ്കരേയെന്നും സുരേഷ്‌ ഗോപിക്ക്‌ വഴിവെട്ടിയത്‌ ആരാണെന്ന് ഇനി ഞാനായി പ്രത്യേകിച്ച്‌ പറയുന്നില്ലെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഒരു വർഷം മുമ്പ് നടന്ന മറ്റൊരു സംഭവവും അൻവർ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ ഒരു മതസ്ഥാപനവുമായി ബന്ധപ്പെട്ട ചില ആളുകൾ തൃശൂർ രാമനിലയത്തിൽ തന്നെ കാണാനെത്തിയിരുന്നു. മറുനാടനെതിരെയും പൊലീസിനെതിരെയുമുള്ള അവരുടെ ചില പരാതികൾ നേരിട്ട്‌ പറയാനാണ് എത്തിയത്. അവരുടെ സ്ഥാപനം അക്രമിച്ചതുമായി ബന്ധപ്പെട്ട്‌ ചിലർക്കെതിരെയും അവർക്കെതിരെ വ്യാജവാർത്ത കൊടുത്തതിന്റെ പേരിൽ മറുനാടനെതിരെയും പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താനാണ് എത്തിയതെന്നുമാണ് പറഞ്ഞത്. വിഷയം എ.ഡി.ജി.പി അജിത് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അവരോട്‌ പറഞ്ഞപ്പോൾ പറഞ്ഞ മറുപടി തന്നെ ഞെട്ടിച്ചെന്നും ‘അയ്യോ സാർ...വിഷയത്തിൽ ഇടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല, അദ്ദേഹത്തോട്‌ പറയേണ്ടതില്ല’ എന്നായിരുന്നു അവരുടെ മറുപടിയെന്നും അൻവർ കുറിപ്പിൽ പറയുന്നു.

കാരണം അവരോട്‌ അന്വേഷിച്ചപ്പോൾ വിശദമായി മറുപടി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട്‌ അവർ ഇന്നത്തെ തൃശൂർ എം.പി സുരേഷ്‌ ഗോപിയെ സമീപിച്ചിരുന്നു. വിഷയങ്ങൾ കേട്ടശേഷം, അദ്ദേഹം മൊബൈൽ സ്പീക്കറിലിട്ട്‌ ‘നമ്മുടെ സ്വന്തം ആളാണെന്ന്’ പറഞ്ഞ്‌ എ.ഡി.ജി.പി അജിത് കുമാറിനെ വിളിച്ചു. ഭവ്യതയോടെ കോൾ എടുത്ത എ.ഡി.ജി.പി വിഷയം പറഞ്ഞതോടെ ആദ്യം പ്രതികരിച്ചത്‌ ‘അവന്മാരൊക്കെ കമ്മികളാണ് സാറേ’ എന്നായിരുന്നു. ഇതോടെ സ്പീക്കർ ഓഫ്‌ ചെയ്ത സുരേഷ്‌ ഗോപി വിഷയത്തിൽ ഇടപെടാതെ അവരെ ഒഴിവാക്കിവിട്ടു. ഇയാളുടേത്‌ ഒരേസമയം രണ്ട്‌ വള്ളത്തിൽ കാൽ ചവിട്ടിയുള്ള നിൽപ്പാണെന്ന് ഇത്‌ കേട്ട ആ നിമിഷം ബോധ്യപ്പെട്ടതാണെന്നും അൻവർ കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

"അവന്മാരൊക്കെ കമ്മികളാണ് സാറേ.!!"

"തൃശൂർ പൂരം കലക്കി" ബി.ജെ.പിക്ക്‌ വഴിവെട്ടിക്കൊടുത്തതാര്?

ഒരു വർഷത്തിന് മുമ്പ് നടന്ന ഒരു കാര്യമാണ്. മറുനാടൻ വിഷയം കത്തിനിൽക്കുന്ന സമയം. തൃശൂർ ജില്ലയിലെ ഒരു മതസ്ഥാപനവുമായി ബന്ധപ്പെട്ട ചില ആളുകൾ തൃശൂർ രാമനിലയത്തിൽ എന്നെ കാണാനെത്തിയിരുന്നു. മറുനാടനെതിരെയും പൊലീസിനെതിരെയുമുള്ള അവരുടെ ചില പരാതികൾ നേരിട്ട്‌ പറയാനാണ് അവർ എത്തിയത്‌. അവരുടെ സ്ഥാപനം അക്രമിച്ചതുമായി ബന്ധപ്പെട്ട്‌ ചിലർക്കെതിരെയും അവർക്കെതിരെ വ്യാജവാർത്ത കൊടുത്തതിന്റെ പേരിൽ മറുനാടനെതിരെയും അവർ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താനാണ് അവർ എത്തിയത്‌.

"വിഷയം എ.ഡി.ജി.പി അജിത്ത്‌ കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന്" അവരോട്‌ പറഞ്ഞപ്പോൾ അവർ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു. "അയ്യോ സാർ...വിഷയത്തിൽ ഇടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല, അദ്ദേഹത്തോട്‌ പറയേണ്ടതില്ല" എന്നായിരുന്നു അവരുടെ മറുപടി. കാരണം അവരോട്‌ അന്വേഷിച്ചു. അവർ കാര്യങ്ങൾ വിശദമായി പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട്‌ അവർ ഇന്നത്തെ തൃശൂർ എം.പി ശ്രീ സുരേഷ്‌ ഗോപിയെ സമീപിച്ചിരുന്നു. വിഷയങ്ങൾ കേട്ട ശേഷം, അദ്ദേഹം മൊബൈൽ സ്പീക്കറിലിട്ട്‌ "നമ്മുടെ സ്വന്തം ആളാണെന്ന്" പറഞ്ഞ്‌ എ.ഡി.ജി.പി അജിത്ത്‌ കുമാറിനെ വിളിച്ചു. ഭവ്യതയോടെ കോൾ എടുത്ത എ.ഡി.ജി.പി വിഷയം പറഞ്ഞതോടെ ആദ്യം പ്രതികരിച്ചത്‌ ഇങ്ങനെയാണ്. "അവന്മാരൊക്കെ കമ്മികളാണ് സാറേ..!!". ഇതോടെ സ്പീക്കർ ഓഫ്‌ ചെയ്ത സുരേഷ്‌ ഗോപി വിഷയത്തിൽ ഇടപെടാതെ അവരെ ഒഴിവാക്കിവിട്ടു.

ഇയാളുടേത്‌ ഒരേസമയം രണ്ട്‌ വള്ളത്തിൽ കാൽ ചവിട്ടിയുള്ള നിൽപ്പാണെന്ന് ഇത്‌ കേട്ട ആ നിമിഷം ബോധ്യപ്പെട്ടതാണ്. ഒരു പൊലീസ്‌ ഉദ്യോഗസ്ഥന് രാഷ്ട്രീയം ഉണ്ടാവണമെന്നല്ല പറഞ്ഞ്‌ വരുന്നത്‌. "അവന്മാരൊക്കെ കമ്മികളാണെന്ന" സ്റ്റേറ്റ്‌മെന്റ്‌ എങ്ങോട്ടാണ് വിരൽ ചൂണ്ടുന്നത്‌ എന്നതാണിവിടെ പ്രശ്നം.

ഇത്തവണ തൃശൂരിലേത്‌ ബി.ജെ.പിയുടെ അഭിമാന പോരാട്ടമായിരുന്നു. ബി.ജെ.പി അവരുടെ "പോസ്റ്റർ ബോയിയായി" സുരേഷ്‌ ഗോപിയെ അവതരിപ്പിച്ച്‌, പ്രധാനമന്ത്രി ഉൾപ്പെടെ രണ്ട്‌ തവണ നേരിൽവന്ന് പ്രചാരണം നടത്തിയ മണ്ഡലം. എന്ത്‌ വില കൊടുത്തും തൃശൂർ പിടിക്കുക എന്നത്‌ ബി.ജെ.പിയുടെ ഇത്തവണത്തെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു. എന്നാൽ, സഖാവ്‌ വി.എസ്‌. സുനിൽ കുമാറിന്റെ ജനകീയ മുഖം അവരുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽപ്പിച്ചു. തൃശൂർ പൂരം വിവാദം ഉണ്ടായിരുന്നില്ലെങ്കിൽ അവിടെനിന്ന് സഖാവ്‌ വി.എസ്‌ സുനിൽകുമർ ഉറപ്പായും തിരഞ്ഞെടുക്കപ്പെടും എന്ന സാഹചര്യമാണ് അന്ന് അവിടെ ഉണ്ടായിരുന്നത്‌.

ഇതൊക്കെ മാറ്റിമറിച്ചത്‌ "തൃശൂർ പൊലീസിന്റെ പൂരം കലക്കൽ" തന്നെയാണ്. "താരതമ്യേന ജൂനിയറായ എ.സി.പി അങ്കിത്‌ അശോക്‌ സ്വന്തം താൽപര്യപ്രകാരം ഇങ്ങനെ ഒരു വിവാദത്തിൽ ഇടപെടുമെന്ന് നിങ്ങൾ ഇന്നും കരുതുന്നുണ്ടോ നിഷ്ക്കളങ്കരേ..!!". സുരേഷ്‌ ഗോപിക്ക്‌ വഴി വെട്ടിയത്‌ ആരാണെന്ന് ഇനി ഞാനായി പ്രത്യേകിച്ച്‌ പറയുന്നില്ല..

Tags:    
News Summary - PV Anwar did not leave ADGP Ajit Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.