ഐ ആം ബാക്ക്' പി.വി അൻവർ എം.എൽ.എ നാട്ടിലെത്തുന്നു

നിലമ്പൂർ: നാളുകൾക്ക് ശേഷം ഒടുവിൽ പി.വി അൻവർ എം.എൽ.എ നാട്ടിലെത്തുന്നു. ഇന്ന് രാത്രിയോടെ ഇദ്ദേഹം കേരളത്തിലെത്തുമെന്നാണ് അറിയുന്നത്. ബിസിനസ് ആവശ്യത്തിന് ഇദ്ദേഹം വിദേശത്തായിരുന്നു.

'ഐ ആം ബാക്ക്' എന്ന എം.എൽ.എയുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്‍റുകളാണ് ഉള്ളത്.

പി.വി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. എം.എൽ.എക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പി.വി അൻവർ പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് തുടർച്ചയായി ഫേസ്ബുക്കിൽ കുറിപ്പുകളും പോസ്റ്റ് ചെയ്തിരുന്നു. താങ്കളുടെ നേതാവായ രാഹുൽ ഗാന്ധി ഇടക്കിടെ വിദേശത്ത് പോകുന്നതിനെക്കുറിച്ച് ആരെങ്കിലും അറിയാറുണ്ടോ എന്നായിരുന്നു പി.വി അൻവറിന്‍റെ ചോദ്യം. അവധി അപേക്ഷ പോലും നല്‍കാതെയാണ് പി.വി അന്‍വര്‍ സഭയില്‍ നിന്നും വിട്ടുനിന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.

12 ദിവസം നീണ്ടു നിന്ന കേരള നിയമസഭയിലെ ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസമാണ് അൻവർ സഭയിൽ ഹാജരായത്. 17 ദിവസം നീണ്ട രണ്ടാം നിയമസഭാ സമ്മേളനത്തിൽ ഒരു ദിവസം പോലും വന്നില്ല. മൂന്നാം സമ്മേളനം തുടങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടിരിക്കുന്നു. എം.എൽ.എ എത്തിയിട്ടില്ല. ആകെ 29 ദിവസം സഭ സമ്മേളിച്ചതില്‍ അഞ്ച് ദിവസങ്ങളിൽ മാത്രമാണ് അന്‍വര്‍ സഭയില്‍ ഉണ്ടായിരുന്നത്. നിയമസഭ സെക്രട്ടേറിയേറ്റ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടിള്ളത്. 

News Summary - PV Anwar MLA returns home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.