കൊച്ചി: പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി വ്യാജമാണെന്ന സി.ബി.എസ്.ഇയുടെ വാദത്തെ എതിർത്ത് വിദ്യാർഥിനിയുടെ മാതാവ് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അമീയ സലീമിനാണ് കണക്ക് പരീക്ഷക്ക് മുൻ വർഷത്തെ ചോദ്യപേപ്പർ ലഭിച്ചത്.
ഇതിനെതിരെ അമീയ ഹരജി നൽകിയപ്പോൾ പരാതി വ്യാജമാണെന്നും വിദ്യാർഥിനി 2016 ൽ സഹോദരൻ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായി എത്തി പരീക്ഷ എഴുതിയതാവുമെന്നും കാണിച്ച് സി.ബി.എസ്.ഇ അധികൃതർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചോദ്യപേപ്പർ മാറിയെന്ന പരാതി അമീയ പരീക്ഷ ഹാളിലുണ്ടായിരുന്ന ഇൻവിജിലേറ്റർക്ക് നൽകിയില്ലെന്നും സി.ബി.എസ്.ഇ ആരോപിച്ചിരുന്നു. എന്നാൽ, പരീക്ഷയെഴുതി പുറത്തിറങ്ങിയശേഷം കൂട്ടുകാരികളുമായി ഉത്തരം ഒത്തുനോക്കുമ്പോഴാണ് ചോദ്യപേപ്പർ മാറിയ വിവരം അമീയ അറിഞ്ഞതെന്നും ഉടൻ പ്രിൻസിപ്പലിനും അധ്യാപകർക്കും പരാതി നൽകിയെന്നും മാതാവ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
സി.ബി.എസ്.ഇ ആരോപിക്കുന്നതുപോലെ പഴയ ചോദ്യപേപ്പറുമായാണ് അമീയ പരീക്ഷക്കെത്തിയതെങ്കിൽ ശരീര പരിശോധന നടത്തുമ്പോൾ അറിയുമായിരുന്നു. രണ്ട് വർഷം മുമ്പാണ് അമീയയുടെ സഹോദരൻ പരീക്ഷ എഴുതിയത്. അന്ന് അമീയ എട്ടാം ക്ലാസിലായിരുന്നു. അന്നത്തെ ചോദ്യ പേപ്പർ കൊണ്ടുവന്ന് പരീക്ഷയെഴുതിയെന്ന ആരോപണം യുക്തിക്ക് നിരക്കുന്നതല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജി പിന്നീട് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.