കോഴിക്കോട്: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വീണ്ടും ജനവിധി തേടുമെന്ന് സൂചന നൽകി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനംചെയ്യാൻ കോഴിക്കോട്ടെത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽനിന്നുതന്നെ ജനവിധി തേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എവിടെ മത്സരിക്കുമെന്ന കാര്യത്തിലെ അന്തിമ തീരുമാനം പാര്ട്ടിനേതൃത്വത്തിന്റേതാണെന്നും താരീഖ് അൻവർ പറഞ്ഞു.
നിലവിലെ എല്ലാ എം.പിമാരും മത്സരിക്കുമോ എന്നചോദ്യത്തിന് അക്കാര്യം ഹൈകമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു മറുപടി. വനിതസംവരണ ബില്‍ മോദിയുടെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്. ബില്‍ കൊണ്ടുവന്നപ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിച്ചത്. അഞ്ചോപത്തോ വര്‍ഷം കഴിഞ്ഞ് നടപ്പാക്കുമെന്നാണ് പറയുന്നത്. ഈ തെരഞ്ഞെടുപ്പു മുതല്‍ സംവരണം വേണമെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. വനിതസംവരണത്തില് പിന്നാക്കസംവരണവും വേണം. രാജ്യം മുഴുവന്‍ ജാതി സെന്‍സസ് നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിലാണ് ആദ്യമായി ജാതി സര്‍വേ നടന്നത്. കോണ്‍ഗ്രസ് മുന്നണി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടപ്പാക്കും.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അവകാശങ്ങള്‍ ലഭിക്കുന്നതിനുള്ള പ്രധാന രേഖയാണ് ജാതി സെന്‍സസ്. രാജ്യത്താകമാനം കേന്ദ്ര സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമാണ്. കേരളത്തിലും എൽ.ഡി.എഫിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യും.
കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും പതിറ്റാണ്ടുകളായി സഖ്യത്തിലാണെന്നും താരഖ് അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാകാലത്തും മതേതര പാര്‍ട്ടിയാണ്. ഒരു മൃദുഹിന്ദുത്വ നിലപാടും കോണ്‍ഗ്രസിനില്ല. മുസ്ലിംലീഗ് ജന. സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് ഇൻഡ്യ മുന്നണി യോഗം ഭോപാലില്‍നിന്നു മാറ്റിയത്. പുതിയ വേദി എവിടെയായിരിക്കുമെന്ന് ഉടന്‍ തീരുമാനിക്കും. പാർട്ടി യോഗങ്ങളില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗേലു പങ്കെടുക്കുന്നത് പാര്‍ട്ടിയെ അടുത്തറിഞ്ഞ് അതനുസരിച്ച് നയം രൂപവത്കരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, അഡ്വ. പി.എ. നിയാസ്, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.