പയ്യന്നൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി വ്യാഴാഴ്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ വീട്ടിലെത്തി. വേണുഗോപാലിെൻറ മാതാവ് ജാനകിയമ്മയുടെ മരണത്തിൽ അനുശോചനമറിയിക്കാനാണ് രാഹുൽ, കടന്നപ്പള്ളി കണ്ടോന്താറിലെ വീട്ടിലെത്തിയത്. ബുധനാഴ്ച എ.ഐ.സി.സി പ്രസിഡൻറ് സോണിയ ഗാന്ധി അനുശോചന സന്ദേശമയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മകൻ രാഹുൽ നേരിട്ട് വീട്ടിലെത്തി കുടുംബാഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചത്.
രാവിലെ 10ന് പ്രത്യേക വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുൽ, കണ്ണൂർ ഗെസ്റ്റ് ഹൗസിലെത്തി അൽപനേരം വിശ്രമിച്ചശേഷം കാർ മാർഗം 11ന് കെ.സി. വേണുഗോപാലിെൻറ വീട്ടിലെത്തി. അര മണിക്കൂറിലധികം അവിടെ ചെലവഴിച്ചു.
കണ്ണൂരിൽ കെ. സുധാകരൻ എം.പി, സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി തുടങ്ങിയവർ ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. രാഹുലിെൻറ സന്ദർശനം കണക്കിലെടുത്ത് വ്യാഴാഴ്ച രാവിലെ മുതൽ കണ്ടോന്താറും പരിസരങ്ങളും വൻ സുരക്ഷാവലയത്തിലായിരുന്നു.
മുൻ മന്ത്രി ഡോ.എം.കെ.മുനീർ, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, ശബരീനാഥ്, കെ.പി.സി.സി സെക്രട്ടറി മാത്യു കുഴൽനാടൻ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറ് ശ്രീനിവാസ്ജി, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി തുടങ്ങി നിരവധി നേതാക്കൾ വ്യാഴാഴ്ച വേണുഗോപാലിെൻറ വീട്ടിലെത്തി. കർണാടക പി.സി.സി പ്രസിഡൻറ് ഡി.കെ.ശിവകുമാർ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.കെ.ശ്രീമതി തുടങ്ങിയവർ ബുധനാഴ്ച കണ്ടോന്താറിലെ വീട്ടിലെത്തിയിരുന്നു. അസുഖബാധയെ തുടർന്ന് ബുധനാഴ്ച പുലർച്ചയാണ് ജാനകിയമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.