തിരുവനന്തപുരം: ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച് ഞായർ പകൽ മുഴുവൻ തുടർന്ന മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. ശക്തികുറഞ്ഞ മഴയായതിനാൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ക്വാറികളുടെ പ്രവർത്തനങ്ങൾ, കടലോരപ്രദേശങ്ങളിലേക്ക് ഉൾപ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കലക്ടർ നിരോധിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാൽ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്ക് സാധ്യതയുണ്ടെന്നാണ് ജില്ല ഭരണകൂടം നൽകുന്ന മുന്നറിയിപ്പ്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കാനും നിർദേശിച്ചിട്ടുണ്ട്. പേപ്പാറ, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്.
നഗരത്തിൽ ആമയിഴഞ്ചാൻ തോട്ടിലടക്കം ജലനിരപ്പുയർന്നു. എന്നാൽ, കഴിഞ്ഞമാസം ഉണ്ടായപോലെ വലിയ വെള്ളക്കെട്ട് രൂപപ്പെടാതിരുന്നത് നഗരവാസികൾക്ക് ആശ്വാസമായി. സ്മാർട്ട് സിറ്റി പദ്ധിയുടെ ഭാഗമായി റോഡുകൾ പൊളിച്ചയിടങ്ങളിൽ മഴകൂടി പെയ്തതോടെ ചളിനിറഞ്ഞ് കാൽനടപോലും ദുഷ്കരമായിട്ടുണ്ട്. പുനർനിർമാണം നടക്കുന്ന മണക്കാട്- കല്ലാട്ടുമുക്ക് റോഡിലും മഴയിൽ ചളിക്കെട്ട് രൂപപ്പെട്ടത് വാഹന-കാൽനടയാത്രക്ക് ബുദ്ധിമുട്ടായി.
മെഡിക്കല്‍ കോളജ്: മഴ ശക്തമാകാത്തത് ആശ്വാസത്തിനിട നല്‍കിയെങ്കിലും ആശങ്കയൊഴിയതെ നഗരവാസികള്‍. ആഴ്ചകള്‍ക്ക് മുമ്പ് പെയ്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ഏറെക്കുറെ വെള്ളത്തിനടിയിലാകുകയായിരുന്നു.
കണ്ണമ്മൂല, തേക്കുംമൂട് ബണ്ട് കോളനി, ഗൗരീശപട്ടം, മരുതന്‍കുഴി, വട്ടിയൂര്‍ക്കാവ് മുന്നാംമൂട്, പട്ടം കോസ്മോ ലെയിന്‍ , കടലോര പ്രദേശങ്ങളായ പൂന്തുറ, വലിയതുറ, ഓള്‍സെയിന്റ്സ്, വെട്ടുകാട്, വേളി തുടങ്ങിയ ഭാഗങ്ങളിലെ അറുനൂറിലേറെ വീടുകളിലാണ് അന്ന് വെള്ളം കയറിയത്.
ഞായറാഴ്ചത്തെ മഴ ദിവസം മുഴുവൻ തുടർന്നെങ്കിലും ശക്തി കുറവായിരുന്നത് കാര്യമായ നാശനഷ്ടങ്ങൾ ഒഴിവാക്കി. ഇനിയുള്ള ദിവസം മഴയുടെ ഗതി എന്താകുമെന്ന ആശങ്കയിലാണ് പലകുടുംബങ്ങളും.
കാട്ടാക്കട: തോരാതെ പെയ്ത മഴയെതുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഒരുമീറ്ററോളം വെള്ളമാണ് ഉയർന്നത്. ഞായറാഴ്ച വൈകീട്ടോടെ 84.1മീറ്ററിലെത്തി. തുടര്‍ന്ന് നെയ്യാര്‍ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകളും 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഇതോടെ നെയ്യാറും നിറഞ്ഞൊഴുകി തുടങ്ങി. മഴ ശക്തമായാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്നും നെയ്യാറിന്റെ ഇരുകരകളിലുമുള്ള വര് ജാഗ്രത പുലര്‍ത്തണമെന്നും നെയ്യാര്‍ഡാം ഇറിഗേഷന്‍ എൻജിനീയര്‍ അരുണ്‍ അറിയിച്ചു.
നെയ്യാറും കരമനയാറും നിറഞ്ഞൊഴുകുകയാണ്. കൈതോടുകളും കാര്യോട് കുമ്പിള് മൂടും നിറഞ്ഞൊഴുകി തുടങ്ങിയതോടെ നിരവധി വീടുകൾ വെള്ളംപൊക്ക ഭീഷണിയിലാണ്. കോട്ടൂര്‍, ഉത്തരംകോട് മേഖലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി. കോട്ടൂര്‍ സെറ്റില്‍മെന്റ് പ്രദേശത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വനത്തിലുണ്ടായിരുന്ന വാഹനങ്ങള്‍ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായി.
കാട്ടാക്കട, കുറ്റിച്ചല്‍, കള്ളിക്കാട്, അമ്പൂരി, മാറനല്ലൂര്‍, പൂവച്ചല്‍ ഗ്രാമപഞ്ചായത്തുകളിലെ നിരവധി റോഡുകളിലും കൃഷിയിടങ്ങളിലും വെള്ളംകയറി.
തിരുവനന്തപുരം: മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചു. വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ കെ.ഐ പ്രദീപ് കുമാർ അറിയിച്ചു.
വലിയതുറ: വള്ളക്കടവില്‍ മരം കടപുഴകി വൈദ്യൂതി ലെയിനിനു മുകളിലൂടെ വീണതിനെതുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വളളക്കടവ് പുത്തന്‍പാലം സംഗമം റസിഡന്‍സ് അസോസിയേഷനിലെ ആളൊഴിഞ്ഞ പറമ്പില്നിന്നിരുന്ന വന്‍ മരമാണ് മഴയില്‍ കടപുഴകി വീണത്. വൈദ്യുതി ലെയിനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നാട്ടുകാര്‍ ആറിയിച്ചതിനെതുടര്ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് ചാക്ക ഫയര്‍സ്റ്റേഷനില്‍നിന്ന് ഗ്രേഡ്.അസി.സ്റ്റേഷന് ഓഫിസര്‍ നൗഷാദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ ശരത്, ഷമീം, ഷെറിന്, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു മണിയ്ക്കൂര്‍ സമയം ചിലവഴിച്ചാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
തിരുവനന്തപുരം: മഴയുടെ പശ്ചാത്തലത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി കലക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മേയർ ആര്യ രാജേന്ദ്രനും മറ്റു വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും യോഗം വിലയിരുത്തി.
അടിയന്തര സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും അത് നേരിടാൻ സജ്ജരായിരിക്കൻ കലക്ടർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.