മരിച്ച ഭാര്യയുടെ ചികിത്സക്കായി സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ പണപ്പിരിവ്; യുവാവിനെതിരെ ഭാര്യാ പിതാവിന്‍റെ പരാതി

തിരുവല്ല (പത്തനംതിട്ട): ഗർഭിണിയായിരിക്കെ മരിച്ച ഭാര്യയുടെ ചികിത്സയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയ യുവാവിനെതിരെ ഭാര്യാ പിതാവ് തിരുവല്ല പൊലീസിൽ പരാതി നൽകി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലിരിക്കെ മരിച്ച കുറ്റൂർ പൊട്ടന്മല ഗീതു ഭവനിൽ ഗീതു കൃഷ്ണയുടെ പേരിൽ ഭർത്താവ് ചങ്ങനാശ്ശേരി കുറിച്ചി സജീവോത്തമപുരം സ്വദേശി ജ്യോതിഷാണ്​ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ചികിത്സക്കായി പണപ്പിരിവ് നടത്തിയത്. ഇതിനെതിരെ ഗീതുവിന്‍റെ പിതാവ് ഗോപാലകൃഷ്ണനാണ് തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെ പരാതി നൽകിയത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ മേയിലാണ് ഗീതുവിനെ കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്​ചക്കകം ഗീതു കോവിഡ് നെഗറ്റീവ് ആയെങ്കിലും ഗർഭസ്ഥശിശു മരിച്ചു. കോവിഡാനന്തര ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിതയായി ജൂൺ 24ന് ഗീതുവും മരിച്ചു.

ഒന്നര മാസം നീണ്ടുനിന്ന ഗീതുവിന്‍റെ ചികിത്സക്ക്​ വന്നത്​ 26 ലക്ഷം രൂപയാണ്​. ഇതിനിടെ സമൂഹ മാധ്യമങ്ങിലൂടെ ജ്യോതിഷ് നടത്തിയ അഭ്യർത്ഥനയിലൂടെ 35 ലക്ഷത്തോളം രൂപ അക്കൗണ്ടിൽ എത്തിയിരുന്നു. ഗീതു മരിച്ചതോടെ പത്ത് ലക്ഷത്തോളം രൂപ ആശുപത്രിയിൽ കടം പറഞ്ഞ് ജ്യോതിഷ് മൃതദേഹം ഏറ്റുവാങ്ങി.

ആശുപത്രി അധകൃതർ നിരന്തം ബന്ധപ്പെട്ടതോടെ രണ്ടാഴ്ച മുമ്പ് ജ്യോതിഷ് ആശുപത്രി ബിൽ അടച്ചു. വിവാഹ സമയത്ത് ഗീതുവിന് നൽകിയ 50 പവനോളം സ്വർണം പണയംവെച്ചാണ് ആശുപത്രി ബിൽ അടച്ചതെന്നാണ് ഗീതുവിന്‍റെ വീട്ടുകാരുടെ ആരോപണം. ഗീതു മരിച്ച് ഒന്നര മാസം പിന്നിട്ടിട്ടും ചികിത്സയുടെ പേരിൽ ജ്യോതിഷ് പണപ്പിരിവ് തുടർന്നതോടെയാണ് പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Tags:    
News Summary - Raising lakhs through social media for the treatment of his dead wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.