ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള നിയമഭേദഗതിക്കെതിരെ പാർലമെൻറിന് അകത്തും പുറത്തും സമാന മനസ്കരുമായി യോജിച്ച് മുന്നോട്ടുപോകുെമന്ന് മുസ്ലിം ലീഗ് എം.പിമാർ കേരള ഹൗസിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യക്തിനിയമങ്ങൾക്കെതിരായ മൗലികാവകാശം ഹനിക്കുന്ന നിയമം പാസാക്കിയാൽ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും ആലോചിക്കുമെന്ന് എം.പിമാർ വ്യക്തമാക്കി.
മുസ്ലിം ലീഗ് രാഷ്ട്രീയ ഉപദേശക സമിതി, ലോയേഴ്സ് ഫോറം, പോഷക സംഘടനാ ദേശീയ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഇൗ തീരുമാനമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. വിർച്വൽ യോഗത്തിൽ പ്രഫ. ഖാദർ മൊയ്തീൻ അധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, അബ്ദുസ്സമദ് സമദാനി എം.പി, നവാസ് ഗനി എം.പി, എം.കെ. മുനീർ എം.എൽ.എ, കെ.പി.എ. മജീദ് എം.എൽ.എ, സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, വിവിധ പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. വ്യക്തിനിയമം മൗലികാവകാശമാണെന്നും ഇതിനെ ഹനിക്കുന്ന ഒരു നടപടിക്കും സർക്കാറിന് അധികാരമില്ലെന്നും ബഷീർ ചൂണ്ടിക്കാട്ടി. 18 തികഞ്ഞ ആണിനും പെണ്ണിനും ഭാര്യാഭർത്താക്കന്മാരെപോലെ കഴിയാൻ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യ.
എന്നാൽ, ഈ പ്രായത്തിലുള്ള ആണും പെണ്ണും വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത് പരിഹാസ്യമാണ്. 18 വയസ്സ് ആയവർക്ക് വോട്ടവകാശം പോലുള്ള അവകാശാധികാരങ്ങൾ നൽകിയ പുരോഗമനപരമായ സമീപനം എടുത്ത രാജ്യമാണ് ഇന്ത്യ. പുതിയ നീക്കം പ്രതിലോമകരമാണ്. ലോകത്തിനു മുന്നിൽ അത് ഇന്ത്യയെ ചെറുതാക്കി കാണിക്കുകയാണെന്നും ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.