കൊച്ചി: സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി മൂലം 'മുല്ലപ്പള്ളി രാമചന്ദ്രൻ' കോൺഗ്രസ് വിട്ട് ബി.ജെ.പി സ്ഥാനാർഥിയായി. വാർത്ത കണ്ട് ഞെട്ടേണ്ട. പറഞ്ഞുവരുന്നത് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാചന്ദ്രനെക്കുറിച്ചല്ല. തൃപ്പൂണിത്തുറ നഗരസഭ 48ാം ഡിവിഷൻ ഇല്ലിക്കപ്പടിയിലെ എൻ.ഡി.എ സ്ഥാനാർഥിയെക്കുറിച്ചാണ്.
കോൺഗ്രസ് എരൂർ മണ്ഡലം സെക്രട്ടറിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതിന് ഒരാഴ്ച മുമ്പാണ് പാർട്ടി വിട്ടത്. തുടർന്ന് ബി.ജെ.പിയിൽ ചേർന്ന് എൻ.ഡി.എ സ്ഥാനാർഥിയുമായി. മുല്ലപ്പള്ളി എന്നത് വീട്ടുപേരാണെന്നും കാലങ്ങളായി മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന പേരിലാണ് നാട്ടിൽ അറിയപ്പെടുന്നതെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
മുമ്പ് രണ്ടുവട്ടം സ്വതന്ത്ര സ്ഥാനാർഥിയായി ഇല്ലക്കപ്പടിയിൽ നിന്നും 42ാം ഡിവിഷൻ പോട്ടയിൽ നിന്നും മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഇത്തവണ തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും കോൺഗ്രസ് കാലത്തെ ബന്ധങ്ങളും വോട്ടായി മാറുമെന്നും രാമചന്ദ്രൻ പറയുന്നു. തൃപ്പൂണിത്തുറ എരൂർ സ്വദേശിയാണ് രാമചന്ദ്രൻ. എൽ.ഡി.എഫ് കഴിഞ്ഞ തവണ വിജയിച്ച ഡിവിഷനാണ് ഇല്ലിക്കപ്പടി. ഇത്തവണയും സിറ്റിങ് കൗൺസിലർ ഇന്ദു ശശിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പി.ബി. സതീശനാണ് യു.ഡി.എഫ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.