ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന സംബന്ധിച്ച് കൂടുതൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് പാർട്ടിക്കുണ്ടെന്നും കോൺഗ്രസ് അടുക്കളയിലെ കാര്യങ്ങൾ ഭംഗിയായി പരിഹരിക്കുമെന്നും വേണുഗോപാൽ പ്രതികരിച്ചു.
കോൺഗ്രസിന്‍റെ ഇന്ത്യയിലെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന് പ്രയാസമുണ്ടെങ്കിൽ അത് പരിഹരിക്കാൻ പാർട്ടി നേതൃത്വത്തിന് മടിയില്ല. അക്കാര്യത്തിൽ യാതൊരു പ്രയാസവും ആർക്കും വേണ്ട. രമേശ് ചെന്നിത്തലയുടെ സേവനം പാർട്ടി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിന്തൻ ശിബറിലെ തീരുമാന പ്രകാരം എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പാക്കിയാണ് പുനഃസംഘടന നടത്തിയത്. ജനാധിപത്യ പാർട്ടി എന്ന നിലയിൽ വിപ്ലവകരമായ പട്ടികയാണിത്. പട്ടികയിൽ ഉൾപ്പെട്ട ആരും മോശക്കാരല്ല. പരിചയ സമ്പന്നരും പുതുമുഖങ്ങളും വേണ്ടി വരും. പ്രവർത്തക സമിതി പട്ടികയിലെ നല്ല കാര്യങ്ങളെ കുറിച്ചല്ല മാധ്യമങ്ങൾ പറയുന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ അഴിമതിക്കും ജീർണതക്കും നെറികേടിനും എതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ വേട്ടയാടലിനെതിരെ വോട്ടർമാർ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.