തൃശൂർ: ചലച്ചിത്ര അക്കാദമി അവാർഡ് വിവാദത്തിൽ ചെയർമാൻ രഞ്ജിത്തിനെതിരെ ഭരണസമിതി അംഗം എൻ. അരുൺ രംഗത്ത്. ഇടപെടൽ നടത്തിയെന്ന നേമം പുഷ്പരാജിന്‍റേതായി പുറത്തുവന്ന ഫോൺ സംഭാഷണം സത്യമാണെങ്കിൽ അക്കാദമി അധ്യക്ഷന് സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ അരുൺ പറഞ്ഞു.
കർശന നടപടി വേണം. ‘പത്തൊമ്പതാം നൂറ്റാണ്ട്’ പോലുള്ള ചവറ് സിനിമകൾ സെലക്ട് ചെയ്ത് ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായുള്ള നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. അവാർഡുകൾ നൽകാൻ തീരുമാനിച്ച് റൂമിലേക്ക് പോയ ഗൗതം ഘോഷടക്കമുള്ള ജൂറി അംഗങ്ങൾ തിരികെ വന്ന് ഒന്നുകൂടി ചർച്ച ചെയ്യാമെന്ന് പറഞ്ഞു. ഇത് രഞ്ജിത്തിന്റെ ഇടപെടൽ മൂലമാണെന്നും നേമം പുഷ്പരാജ് ആരോപിച്ചിരുന്നു.
അവാർഡിന്റെ ശോഭ കെടുത്തുന്നതായി ചെയർമാന്റെ ഇടപെടലെന്ന് അരുൺ പറഞ്ഞു. ജൂറിയെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസമില്ല. അക്കാദമി അധ്യക്ഷൻ സിനിമ കാണാൻ ജൂറിക്കൊപ്പം ഇരുന്നോ, ക്ഷുഭിതനായി സംസാരിച്ചോ എന്നിവ പരിശോധിക്കണം. അക്കാദമിക്ക് പുറത്തുള്ള സമിതി അന്വേഷിക്കണമെന്നും അരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.