കൊച്ചി: ലൈംഗികാതിക്രമം സംബന്ധിച്ച് ബംഗാളി നടിയുടെ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യംചെയ്തു. എറണാകുളം മറൈൻഡ്രൈവിലെ തീരദേശ ഐ.ജിയുടെ ഓഫിസിൽ നടന്ന ചോദ്യംചെയ്യൽ രണ്ടര മണിക്കൂറോളം നീണ്ടു. എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിൽ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പിമാരടക്കം പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് രഞ്ജിത്ത് ചോദ്യംചെയ്യലിന് ഹാജരായത്. ‘പാലേരി മാണിക്യ’ത്തിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ തനിക്കുനേരെ ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഈ കേസിൽ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെത്തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തീർപ്പാക്കിയിരുന്നു. സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ബംഗളൂരുവിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവും രംഗത്തെത്തിയിരുന്നു. ഈ കേസിൽ കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ല കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
അന്വേഷണ സംഘം വിളിച്ചിട്ടാണ് വന്നതെന്ന് മാത്രമാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ചോദ്യംചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും പ്രതികരിക്കാൻ തയാറായില്ല. പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായാൽ കുറ്റാരോപിതരെ ചോദ്യംചെയ്തു തുടങ്ങുമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.