അടൂർ: ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും ബലാത്സംഗം നടത്തി നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്നയാൾ കീഴടങ്ങി.
സി.പി.എം ജില്ല സെക്രട്ടറിയുടെ മുൻ ഡ്രൈവർ പഴകുളം പന്ത്രണ്ടാംകുഴിയിൽ അബ്ദുറഹ്മാനാണ് (30) പത്തനംതിട്ട വനിത സി.ഐ എ.ആർ. ലീലാമ്മ മുമ്പാകെ ബുധനാഴ്ച കീഴടങ്ങിയത്. ഇയാളുടെ ഭാര്യ സീനയെ (26) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജാമ്യത്തിലാണ്.
2019 മാർച്ച് മുതൽ നടന്ന സംഭവങ്ങളിൽ കഴിഞ്ഞമാസമാണ് യുവതി ജില്ല പൊലീസ് മേധാവിക്ക് പരാതി കൊടുത്തത്. കേസിൽപ്പെട്ട് ജയിലിലായിരുന്ന ഭർത്താവിനെ പുറത്തിറക്കാമെന്ന് പറഞ്ഞാണ് അഞ്ച് ലക്ഷം രൂപ യുവതിയിൽനിന്ന് ഇയാൾ വാങ്ങിയത്.
വീട് പണയപ്പെടുത്തിയാണ് പണം നൽകിയത്. പാർട്ടി സെക്രട്ടറിയുടെ ഡ്രൈവറായിരിക്കെയാണ് അബ്ദുറഹ്മാൻ പ്രശ്നത്തിൽ ഇടപെട്ടത്. അഭിഭാഷകനെ കാണാനെന്നുപറഞ്ഞ് യുവതിയെ കൊട്ടാരക്കരയിലെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്.
ഭർത്താവിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ആവർത്തിച്ചെന്നും പറയുന്നു. നഗ്നദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്നായിരുന്നു ഭീഷണി.
ഭർത്താവ് ജയിലിൽനിന്ന് ഇറങ്ങിയപ്പോഴാണ് യുവതിക്ക് വഞ്ചന മനസ്സിലായത്. അഞ്ച് ലക്ഷം തിരിച്ചുചോദിച്ചതോടെ അബ്ദുറഹ്മാൻ ഭാര്യയുടെ മൊബൈലിൽ നിന്ന് നഗ്നദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുത്തു. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ എത്തിയതോടെ യുവതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. അബ്ദുറഹ്മാനെ വിഡിയോ കോൺഫറൻസ് വഴി അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.