തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിലുള്ള അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബര്‍ 3-ന് സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും, നിയമപരവും, ഭരണപരവുമായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് 2019 മാര്‍ച്ച് 31-ന് മുന്‍പായി ലയന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ഇക്കാര്യം റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തി അന്തിമ അനുമതിയും തുടര്‍ ലൈസന്‍സിംഗ് നടപടികളും സാധ്യമാക്കണമെന്നും കത്തില്‍ പറയുന്നു.
ആർ.ബി.െഎ മുന്നോട്ട് വച്ചിട്ടുള്ള വ്യവസ്ഥകള്‍
1) കേരള സഹകരണ നിയമവും ചട്ടവും സമ്പൂര്‍ണ്ണമായും പാലിച്ച് വേണം ലയനം നടത്തുന്നതിന്.
2) ലയനത്തെ സ്റ്റേ ചെയ്തുകൊണ്ടോ നിരോധിച്ചു കൊണ്ടോ കോടതി വിധികള്‍ ഒന്നും തന്നെയില്ല എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണം.
3) KSCBയും DCBയും ഒരു ലയന പദ്ധതി തയ്യാറാക്കി അവരുടെ അംഗങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കണം.
4) ജനറല്‍ ബോഡി മുമ്പാകെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനത്തിനായുള്ള ഒരു പ്രമേയം അവതരിപ്പിച്ച് പാസാക്കണം.
5) ജില്ലാബാങ്കുകളും, സംസ്ഥാന സഹകരണ ബാങ്കും, സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒരു MoU ഒപ്പുവയ്ക്കണം. ഭരണസമിതി, മാനേജ്മെന്റ് ഘടനകള്‍, മനുഷ്യവിഭവശേഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആസ്തി-ബാധ്യതകളുടെ കൈമാറ്റം എന്നീ കാര്യങ്ങളാണ് MoU-വില്‍ വരേണ്ടത്.
6) ലയനശേഷം KSCB-യുടെ മൂലധനപര്യാപ്തതയും നെറ്റ് വര്‍ത്തുംആർ.ബി.െഎ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള കുറവുകള്‍ വരികയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികത്തണം.
7) ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് എല്ലാവിധ നിയമപരമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള ശേഷി ഉള്ളതും, ജനങ്ങള്‍ക്ക് എല്ലാവിധ സേവനങ്ങളും നല്‍കുന്നതിനുള്ള വിവിധ അനുമതികള്‍ക്ക് പര്യാപ്തവുമായിരിക്കണം.
8) ക്രമരഹിത ഇടപാടുകളിലൂടെ ആസ്തികള്‍ നിഷ്ക്രിയമായിട്ടുണ്ടെങ്കില്‍ മുഴുവന്‍ തുകയ്ക്കും കരുതല്‍ സൂക്ഷിക്കണം.
9) ആസ്തി-ബാധ്യതകളുടെ വാല്യുവേഷന്‍ നടത്തുകയും നഷ്ട ആസ്തികള്‍ക്ക് പൂര്‍ണ്ണമായും കരുതല്‍ സൂക്ഷിക്കുകയും വേണം.
10) സംസ്ഥാന സഹകരണ ബാങ്കിന്റേയും ജില്ലാബാങ്കുകളുടേയും പലിശ നിരക്കുകളില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസമുണ്ടെങ്കില്‍ അത് ഉപഭോക്താവിനെ അറിയിക്കണം.
11) ലയനശേഷം എല്ലാ ജില്ലാബാങ്കുകളിലേയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന രീതിയിലുള്ള മികച്ച സോഫ്റ്റ് വെയര്‍ KSCB-ക്ക് ഉണ്ടാകണം.
12) നിശ്ചിത സമയത്തിനകം മൈഗ്രേഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ചിരിക്കണം.
13) KSCBയുടെ CEO 'Fit and proper' മാനദണ്ഡങ്ങള്‍ പാലിച്ചാവണം. ഭരണസമിതിയില്‍ ചുരുങ്ങിയത് 2 പ്രൊഫഷണല്‍സ് ഉണ്ടാകണം.
14) റിസര്‍വ് ബാങ്ക് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശിച്ച രീതിയില്‍ ലയനശേഷം KSCB-ക്ക് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് രൂപീകരിക്കണം. ഇതിനായി ഉചിതമായ ഭേദഗതികള്‍ കേരള സഹകരണ നിയമത്തില്‍ വരുത്തണം.
15) ലയനശേഷം KSCB-യുടെ RBI ലൈസന്‍സ് തുടരും. ജില്ലാബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകള്‍ KSCB-യുടെ ബ്രാഞ്ചുകളായി മാറും. തുടര്‍ന്ന് KSCB ഈ ബ്രാഞ്ചുകളുടെ ലൈസന്‍സിനായി RBI-ക്ക് അപേക്ഷ നല്‍കണം. RBI-യുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകള്‍ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകള്‍ അവരുടെ ലൈസന്‍സ് RBI-ക്ക് സറണ്ടര്‍ ചെയ്യണം.
16) KSCB ലയന പദ്ധതിക്ക് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ (DICGC) ക്ലിയറന്‍സ് നേടണം.
17) KSCB-യും DCB-യും ട്രഷറിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ ഘട്ടം ഘട്ടമായി അത് പിന്‍വലിക്കണം.
18) 'ബാങ്ക്' എന്ന പദം ഉപയോഗിച്ചുകൊണ്ട് കേരളത്തില്‍ പുതിയ സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളതല്ല.
19) മേല്‍ വ്യവസ്ഥകള്‍ പാലിച്ചതിനുശേഷം അന്തിമ അനുമതിക്കായി KSCB നബാര്‍ഡ് മുഖാന്തിരം RBI-യെ സമീപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.