വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മുത്തങ്ങ ദേശീയപാതയിലും ജീവന് ഭീഷണിയാകുന്ന രൂപത്തിൽ റീൽസ്, വിഡിയോ ചിത്രീകരണം പതിവാണ്. രാത്രിയാത്ര നിരോധനമുള്ള മുത്തങ്ങ വനപാതയിലൂടെ വാഹനം ഓടിച്ച് വന്യജീവികളുടെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുന്നത് ജീവൻ പണയം വെച്ചാണ്.
ജില്ലയിൽ ചെറുതും വലുതുമായ നിരവധി സിപ്ലൈനുകളുണ്ട്. മിക്കതിലും സുരക്ഷാസംവിധാനങ്ങളില്ല. ഇവയിൽ കയറിയുള്ള വിഡിയോ ചിത്രീകരണവും അപകടകരമാണ്. വയനാട് ചുരം റോഡിലും അപകടകരമായ രൂപത്തിൽ വാഹനത്തിൽ റീൽസ് ചിത്രീകരിക്കുന്നുണ്ട്. കാറിന്റെ റൂഫ് ടോപ് തുറന്നുള്ള വിഡിയോ എടുക്കലും അപകടകരമാണ്.
റീൽസ് ചിത്രീകരിക്കുന്നതിന് ജില്ലയിൽ പ്രത്യേക റോഡുകളില്ല. എന്നാൽ, പരിശോധന കുറവായ കുട്ടനാട് അടക്കമുള്ള ഗ്രാമീണപാതകളിൽ യുവാക്കൾ കാറുകളിലും ഇരുചക്രവാഹനങ്ങളിലും അമിതവേഗത്തിൽ പായുന്നത് പതിവ് കാഴ്ചയാണ്. ഹെൽമറ്റിനകത്ത് മൊബൈൽ ഫോൺ വെച്ച് വാഹനമോടിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ലൈക്ക് കൂട്ടാൻ കാറിൽ നീന്തൽക്കുളമൊരുക്കിയതിന് വ്ലോഗർ ആലപ്പുഴ സ്വദേശി ടി.എസ്. സജുവിന്റെ (സഞ്ജു ടെക്കി) ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ റീൽസിനായി കാറിൽ അഭ്യാസപ്രകടനം നടത്തിയ രണ്ട് സംഘത്തിലായുള്ള 11 പേരെ നല്ല നടപ്പിനും ശിക്ഷിച്ചു.
കുതിച്ചുപായുന്ന ട്രെയിനുകൾക്കു മുന്നിലും റീൽസ് ചിത്രീകരണം പതിവ്. പാലങ്ങളിലും വലിയ വളവുകളിലുമൊക്കെയാണ് റീൽസ് സംഘം ഒരുങ്ങിനിൽക്കുക. ട്രെയിൻ വരുന്ന മനോഹരമായ കാഴ്ച പശ്ചാത്തലമാക്കിയാണ് ചിത്രീകരണം. അപൂർവം ചിലർ ട്രെയിൻ അടുത്തെത്തുന്ന നിമിഷം വരെ കാത്തിരിക്കും. കൈവിട്ട റീൽസ് ചിത്രീകരണത്തിലൂടെ കഴിഞ്ഞവർഷം പാലക്കാട് ഡിവിഷനു കീഴിൽ രണ്ടുപേരാണ് ട്രെയിൻ തട്ടി മരിച്ചത്. റെയിൽവേ ട്രാക്കിൽ അനധികൃതമായി കയറി വിഡിയോ ചിത്രീകരിക്കുന്നവർക്കെതിരെ കർശന നടപടിക്ക് അടുത്തിടെ റെയിൽവേ മന്ത്രാലയം സോണുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിൽ അഭ്യാസ പ്രകടനം നടത്തുകയും അപകടത്തിൽ പെടുകയും ചെയ്യുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ അപകടങ്ങളും അപകടമരണങ്ങളും സംഭവിക്കുന്ന കൊച്ചി-ധനുഷ്കോടി ഹൈവേയുടെ ഭാഗമായ ഗ്യാപ് റോഡ് ഉയർന്ന മലനിരകൾക്കുമുകളിലെ അതിസാഹസിക മേഖലയാണ്. ഇരുചക്രവാഹനങ്ങളിലും ഓഫ് റോഡ് വാഹനങ്ങളിലും എത്തുന്നവർ വാഹനങ്ങൾക്ക് മുകളിൽ കയറിയും ഡോർ തുറന്നിട്ടും മറ്റും അഭ്യാസ പ്രകടനങ്ങൾ കാട്ടുന്നതാണ് അപകടം വരുത്തുന്നത്. അടുത്തിടെയുണ്ടായ സമാനരീതിയിലുള്ള ഏഴ് സംഭവങ്ങളിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ നാടൻ റേസിങ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ അമിതവേഗത്തെ കൂട്ടുപിടിച്ചവർ അതിവേഗം മറഞ്ഞ സംഭവങ്ങൾ കോട്ടയത്ത് ഏറെ. 2021 ജൂലൈയിൽ ചങ്ങനാശ്ശേരി ബൈപാസിൽ റേസിങ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്നുജീവനാണ് നഷ്ടമായത്. റേസിങ് നടത്തിയ 18കാരനായ യുവാവിനൊപ്പം രണ്ട് കുടുംബനാഥന്മാരും മറഞ്ഞു. അപകടം വിതച്ച ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ ഹെൽമറ്റിൽ കാമറയുണ്ടായിരുന്നു. കോട്ടയം നഗരത്തിലെ രണ്ട് കിലോമീറ്ററോളം നിവർന്നു കിടക്കുന്ന ഈരയിൽക്കടവ്- മണിപ്പുഴ ബൈപാസിൽ ബൈക്ക് സ്റ്റണ്ട് ഷൂട്ടുകൾ പതിവാണ്. റേസിങ്ങിനിടെ വ്യത്യസ്ത സംഭവങ്ങളിലായി നാലോളം യുവാക്കളാണ് മരിച്ചത്.
തലസ്ഥാനത്ത് സാഹസിക റീൽസെടുക്കലും മത്സരയോട്ടവും അപകട ഭീതി വിതക്കുന്നത് കഴക്കൂട്ടം-കോവളം ബൈപാസിൽ. പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും പരിശോധനകളില്ലാത്തതും ഒപ്പം വളവില്ലാതെ നീണ്ടുനിവർന്ന് കിടക്കുന്നതുമാണ് മരണപ്പാച്ചിലുകാർ ഈ റോഡിലേക്ക് കുടിയേറാൻ കാരണം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ, ചെറുതും വലുതുമായ നൂറോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഇതിൽ നല്ലൊരുപങ്കും ആഡംബര ബൈക്കും അമിതവേഗവുമാണ്. മുന്നിലും പിന്നിലുമായി നാലും അഞ്ചും വാഹനങ്ങളുടെ അകമ്പടിയിലാണ് ഷൂട്ടിങ്. ബൈക്കിന്റെ പിന്നിൽ തിരിഞ്ഞിരുന്നും വാഹനത്തിന്റെ ഡിക്കിയിലുമെല്ലാമായാണ് സാഹസിക ഷൂട്ടിങ്. പലപ്പോഴും കാമറമാൻമാർ അന്തരീക്ഷത്തിലായിരിക്കും.
കൊച്ചി: ആഡംബര ബൈക്കിൽ പറന്നടിച്ച് കുതിക്കുന്നവരുടെയും റീൽസ് എടുക്കുന്നവരുടെയും എണ്ണം കൊച്ചിയിലും പരിസര പ്രദേശത്തും വർധിച്ചുവരുകയാണ്. നിർമാണം പാതിവഴിയിലുള്ള, സീപോർട്ട് -എയർപോർട്ട് റോഡാണ് ഇത്തരക്കാരുടെ ഇഷ്ട ലൊക്കേഷനുകളിലൊന്ന്. ഇരുവശത്തും മനോഹരമായ പാടങ്ങൾ, പ്രധാനപാതയിൽനിന്ന് അൽപം മാറിയായതിനാൽ വാഹനങ്ങളുടെ കുറവ് തുടങ്ങിയവയാണ് റീൽസുകാരുടെയും റേസിങ്ങുകാരുടെയും പ്രധാന പാതയായി ഇതിനെ മാറ്റിയത്. മാസങ്ങൾക്കുമുമ്പ് അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് തെറിച്ചുവീണ് യുവാവ് മരിച്ചിരുന്നു.
നെടുമ്പാശ്ശേരി എയർപോർട്ട് വ്യൂ പോയൻറ് എന്ന് അറിയപ്പെടുന്ന റൺവേക്ക് സമീപത്തെ മറ്റൊരു റോഡാണ് ഇൻസ്റ്റഗ്രാം റീൽസുകാരുടെ മറ്റൊരു സ്ഥിരം സങ്കേതം.
രണ്ടു ദേശീയപാതകൾ കടന്നുപോകുന്ന തൃശൂർ ജില്ല റോഡ് അപകടങ്ങളുടെ ഹോട്ട് സ്പോട്ടാണ്. ജില്ലയിലെ മിക്ക റോഡുകളും ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടുന്നവയാണ്. റീൽസ് ചിത്രീകരണം പോലുള്ളവ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടാറില്ലെങ്കിലും ചാലക്കുടിയിൽനിന്ന് അതിരപ്പിള്ളി വഴി മലക്കപ്പാറയിലേക്കുള്ള റോഡിലൂടെ അപകടകരമായി വാഹനയാത്ര ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. വാഹനങ്ങൾക്കു മുകളിൽ കയറിയും തൂങ്ങിക്കിടന്നുമാകും ചെറുപ്പക്കാരുടെ സഞ്ചാരം. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള റീൽസ് ചിത്രീകരണം ഇടക്കൊക്കെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.