ബിനീഷിന്‍റെ വീടിന് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുന്നു (ഫോട്ടോ: പി.ബി. ബിജു)

ബിനീഷിന്‍റെ വീടിന് മുന്നിൽ ബന്ധുക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് തുടരുന്ന ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നാടകീയ രംഗങ്ങൾ. വീടിനകത്തുള്ള ബിനീഷിന്‍റെ ഭാര്യയേയും മറ്റും കാണാൻ അനുവദിക്കണമെന്ന ആവശ്യപ്പെട്ട ബന്ധുക്കളെ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. തുടർന്ന് ബന്ധുക്കൾ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് തങ്ങൾക്കറിയണമെന്നാണ് ബന്ധുക്കളുടെ നിലപാട്. റെയ്ഡിന് ഒരു തരത്തിലുള്ള തടസ്സവും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അകത്തുള്ളവരെ കാണാൻ അനുവദിക്കണം. ബിനീഷിന്‍റെ ഭാര്യ റെനീറ്റ, റെനീറ്റയുടെ അമ്മ, രണ്ടര വയസ്സുള്ള കുഞ്ഞ് എന്നിവരാണ് വീട്ടിനുള്ളിൽ ഉള്ളത്. തങ്ങളിൽ ഒരാളെയെങ്കിലും ഇവരെ കാണാൻ അനുവദിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ബിനീഷിന്‍റെ അമ്മാവൻ, അമ്മയുടെ സഹോദരി എന്നിവരടക്കം ഗേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ഇപ്പോൾ.

പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത് എന്നാണ് സൂചന.

അനൂപ് മുഹമ്മദിൻ്റെ ഡെബിറ്റ് കാർഡ് അടക്കമുള്ള ചില വസ്തുക്കൾ ഇ.ഡി കൊണ്ടുവന്ന് വച്ചതാണെന്നാണ് ബിനീഷിൻ്റെ കുടുംബത്തിന്‍റെ ആരോപണം. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.പ്രതിയല്ലാതിരുന്നിട്ടും ബിനീഷിൻ്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് അഡ്വ. മുരുകുമ്പുഴ വിജയകുമാർ ആരോപിച്ചു. ഇ.ഡിക്കൊപ്പം കര്‍ണാടക പോലീസും സി.ആ.ര്‍പി.എഫും ബിനീഷിന്‍റെ വീട്ടിലുണ്ട്.

അതേസമയം, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ തുടർച്ചയായി ഏഴാം ദിവസവും തുടരും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.