തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ തെറ്റായ പ്രവണതകളിൽ തുടർനടപടി കൈക്കൊള്ളാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില അപേക്ഷകൾ പരിശോധിച്ചപ്പോൾ സംശയം തോന്നി. അതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാൻ വിജിലൻസ് ഡയറക്ടറോട് നിർദേശിച്ചത്. അവർ നടത്തിയ പരിശോധനയിൽ ചില തെറ്റായ പ്രവണതകൾ കണ്ടെത്തി. ദുരിതാശ്വാസനിധി വിനിയോഗത്തിൽ ജനപ്രതിനിധികൾ അപകടംചെയ്തെന്ന് കരുതുന്നില്ല. എന്നാൽ തട്ടിപ്പിനായി ചിലർ ശ്രമിച്ചു. അനർഹർക്ക് ധനം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും കൂട്ടുനിന്നവർക്കുമെതിരെ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരിതാശ്വാസനിധിയിൽനിന്ന് വേഗത്തിൽ സഹായം അനുവദിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സഹായധനം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. സങ്കീർണമായ നടപടിക്രമങ്ങൾ ലഘൂകരിച്ചും വിവിധതലങ്ങളിൽ അനുവദിക്കാവുന്ന സഹായത്തിന്റെ തുക ഉയർത്തിയും സഹായമെത്തിക്കാൻ കഴിയുന്നുണ്ട്.
സുതാര്യമായാണ് ദുരിതാശ്വാസനിധി കൈകാര്യംചെയ്യുന്നത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ ഓഡിറ്റിനും ഇത് വിധേയമാക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്‍റെ ചില നിധി പോലെയല്ല ഇത്. 2016 ജൂൺ മുതൽ ’21 മേയ് വരെ 6,82,569 അപേക്ഷകളിൽ 918.95 കോടി രൂപ അനുവദിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി 4970.29 കോടി രൂപ ലഭിച്ചതിൽ 4627.64 കോടി ചെലവാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലഭിച്ച 1029.01 കോടിയിൽ 1028.06 കോടി ചെലവഴിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞ ജനുവരി 31 വരെ 2,46,522 അപേക്ഷകളിൽ 462.62 കോടി അനുവദിച്ചെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലക്ഷങ്ങൾ സംഭാവനചെയ്ത ആൾ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയപ്പോൾ പ്രകടിപ്പിച്ച രോഷം താനും കണ്ടു. പലതരത്തിലും പ്രശ്നങ്ങൾ വരാനുള്ള ഒരാളാണ്. അതിനാൽ ആരെയെങ്കിലും സുഖിപ്പിക്കാൻ വേണ്ടി നടത്തിയ പ്രതികരണമായിരിക്കും അത്. എൽ.ഡി.എഫിനെ വല്ലാതെ ആക്ഷേപിച്ചാൽ ചില കേന്ദ്രങ്ങളിൽ നിന്നും നല്ല പ്രതികരണമുണ്ടാകുമെന്ന് കരുതിയായിരിക്കും അതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.