മുൻനിശ്​ചയിച്ച പ്രകാരം മുല്ലപ്പെരിയാർ ഡാം നാളെ തുറക്കുമെന്ന്​ റോഷി അഗസ്റ്റിൻ

തൊടുപുഴ: മുൻനിശ്​ചയിച്ച പ്രകാരം മുല്ലപ്പെരിയാർ ഡാം നാളെ തുറക്കുമെന്ന്​ ജലവിഭവ വകുപ്പ്​ മന്ത്രി റോഷി അഗസ്റ്റിൻ. സുപ്രീംകോടതി നിര്‍ദേശം മുല്ലപ്പെരിയാര്‍ ഡാം നാളെ തുറന്നു വിടുന്നതില്‍ മാറ്റം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മുന്‍ നിശ്ചയപ്രകാരം തന്നെ നാളെ ഏഴു മണിക്ക് ഡാം തുറന്ന് ജലനിരപ്പ് കുറക്കും. 139.5 എന്ന റൂള്‍ കര്‍വ് നവംബര്‍ ഒന്നു മുതല്‍ ആണ് പ്രാബല്യത്തില്‍ വരിക. നിലവില്‍ 138 അടിതന്നെയാണ് തമിഴ്‌നാട് മുന്നോട്ടു വച്ചിരിക്കുന്ന റൂള്‍ കര്‍വ്.

റൂള്‍ കര്‍വ് വിഷയത്തില്‍ കേരളം മുന്നോട്ടു വച്ച ആശങ്കകളില്‍ വിശദമായ വാദം കേള്‍ക്കാം എന്ന സുപ്രീം കോടതിയുടെ തീരുമാനം പ്രതീക്ഷ നല്‍കുന്നതാണ്. പുതിയ ഡാം എന്ന നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടാകും കേരളം വാദമുഖങ്ങള്‍ അവതരിപ്പിക്കുക. ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ​ജലവിഭവ വകുപ്പ്​ വ്യക്​തമാക്കി.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്​ 139.5 അടിയായി നിലനിർത്തണമെന്ന്​ സുപ്രീംകോടതി ഇന്ന്​ ഉത്തരവിട്ടിരുന്നു. മേൽനോട്ടസമിതിയുടെ തീരുമാനം അംഗീകരിച്ചാണ്​ സുപ്രീംകോടതി ഉത്തരവ്​. നവംബർ 10 വരെ ഈ ജലനിരപ്പ്​ തുടരണമെന്നും സുപ്രീംകോടതി വ്യക്​തമാക്കുന്നു.മുല്ലപെരിയാർ ഡാമിലെ റൂൾകർവിനെ കുറിച്ച്​ കേരളം ഉന്നയിച്ച കാര്യങ്ങളിൽ വിശദമായ വാദം കേൾക്കും. നവംബർ 11ന്​ കേസ്​ വീണ്ടും പരിഗണിക്കു​േമ്പാൾ കേരളത്തിന്‍റെ വാദങ്ങൾ പരിഗണിക്കും. അതിന്​ മുമ്പ്​ ഇക്കാര്യത്തിൽ വിശദമായ സത്യവാങ്​മൂലം കേരളം സമർപ്പിക്കണം.

കേസിന്‍റെ വാദത്തിനിടെ മേൽനോട്ടസമിതിക്കെതിരെ കേരളം രംഗത്തെത്തി. തമിഴ്​നാടിന്‍റെ റൂൾകർവുമായി മുന്നോട്ട്​ പോകാനാവില്ലെന്നായിരുന്നു കേരളത്തിന്‍റെ നിലപാട്​. ജസ്റ്റിസ്​ എ.എൻ.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ്​ ​മുല്ലപ്പെരിയാർ കേസ്​ പരിഗണിക്കുന്നത്

Tags:    
News Summary - Roshi Augustine says Mullaperiyar Dam will be opened tomorrow as scheduled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.