ബദിയടുക്ക(കാസര്‍കോട്): അതിര്‍ത്തിഗ്രാമമായ പെര്‍ഡാല കൊറഗ കോളനിയിലെ വിജയകുമാറിന്‍െറ ഭാര്യ ചെനിയാറിന് 10 രൂപ നോട്ട് കിട്ടാത്തത് എന്തുകൊണ്ടാണെന്നറിയില്ല. കുലത്തൊഴിലായ കുട്ടമെടയല്‍ കഴിഞ്ഞ് ചന്തയില്‍ കൊണ്ടുപോയി പണം കിട്ടാത്തതില്‍ അവര്‍ പരിഭവിക്കുന്നു.
ചന്തക്കാര്‍ പറയുന്നത് ‘കൊറച്ച് ദെവസം കയിഞ്ഞിട്ട് തരാം’ എന്നാണ്. ‘നാട്ടാറുടെ കൈയില്‍ പണം ഇല്ലാത്തതുകൊണ്ട് കുട്ട വാങ്ങാന്‍ ആളും വരാറില്ല. സര്‍ക്കാറ് ഉര്‍പ്യ കൊടുക്കുന്നില്ല എന്നാണ് ചന്തക്കാറ് പറയുന്നത്. ബല്യ പൈസക്കാര്‍ക്കും പൈസ കിട്ടുന്നില്ളേലും’ -ചെനിയാറ് പറയുന്നു.
ചെനിയാറുടെ സമുദായമായ കൊറഗര്‍ക്ക് സമ്പാദിക്കാനറിയില്ല. ഒരു ദിവസത്തെ കൂലി ഒരുദിവസത്തെ ജീവിതമാണ്. നാളെയെക്കുറിച്ച് അവര്‍ കേട്ടിട്ടില്ല. ഇന്ന് തീരുമ്പോള്‍ ലോകം തീരും. നാളെ എഴുന്നേറ്റാല്‍ നന്ന് എന്നതാണ് കൊറഗ ജീവിതം. സര്‍ക്കാര്‍ വലിയ തുകയുടെ നോട്ടുകള്‍ അസാധുവാക്കുകയും ചെറിയ തുകയുടെ നോട്ടുകള്‍ ഇറക്കാതിരിക്കുകയും ചെയ്തപ്പോള്‍ പ്രാക്തന ഗോത്രവിഭാഗമായ കൊറഗ സമുദായത്തിന് ജീവിക്കാന്‍പറ്റാതായി. മറ്റുള്ളവര്‍ കരുതല്‍ മുടക്കിയും കടം വാങ്ങിയും നാളുകള്‍ കഴിച്ചുകൂട്ടുമ്പോള്‍ ആ വ്യവസ്ഥ വശമില്ലാത്ത ഈവിഭാഗം പട്ടിണിയിലാകും. ‘ഗാന്താരികൊണ്ട് കഞ്ഞി കുടിക്കുന്നതും മുടങ്ങി’യെന്നാണ് ചെനിയ പറയുന്നത്.
ഇവര്‍ക്ക് ചോറ് കഴിച്ച് ശീലമില്ല, കഞ്ഞിയാണ് ഭക്ഷണം. കാന്താരിമുളക് ഉടച്ചുള്ള കഞ്ഞിയാണ് പഥ്യം. വിറ്റാമിന്‍ ശരീരത്തിലേക്ക് കടക്കാത്തതുകൊണ്ട് അനീമിയ രോഗത്തിനടിപ്പെട്ട് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ് കൊറഗര്‍. ഇക്കാര്യം മനുഷ്യാവകാശ കമീഷന്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 1400 കൊറഗരാണ് കാസര്‍കോടുള്ളത്. കാസര്‍കോട്ടു മാത്രമേ ഈ വിഭാഗമുള്ളൂ. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഇവരുടെ ജനസംഖ്യ പകുതിയായി കുറഞ്ഞു. കുട്ടമെടയുന്ന വള്ളിയായ പുല്ലാഞ്ചികള്‍ എവിടെയും കിട്ടാനില്ല.
കര്‍ണാടക സുള്ള്യ ഭാഗത്തേക്ക് യാത്രചെയ്ത് കുന്നുപ്രദേശങ്ങളില്‍നിന്ന് കഷ്ടപ്പെട്ട് ഒരാഴ്ചക്കുള്ള വള്ളികള്‍ ബസ് മാര്‍ഗം വീട്ടിലത്തെിച്ചാണ് അന്നത്തിന് വകയുണ്ടാക്കുന്നത്. ദിവസത്തില്‍ മൂന്നു കുട്ടകള്‍ മെടയാന്‍ കഴിയുമെന്ന് ചെനിയാറും പറയുന്നു. ഓരോ കൊട്ടക്കും 150 രൂപയാണ് ബദിയടുക്ക ടൗണിലത്തെിയാല്‍ ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍, നോട്ടുകള്‍ അസാധുവായതോടെ മാര്‍ക്കറ്റില്‍ ആര്‍ക്കും വില്‍പനനടത്താന്‍ കഴിയുന്നില്ല.ആവശ്യക്കാര്‍ ഇല്ളെന്നും ഞങ്ങള്‍ കൂടുതല്‍ കൊട്ടകള്‍ ശേഖരിച്ചുവെച്ചാല്‍ ഒരു ഗുണവും ഇല്ളെന്നുമാണ് കട ഉടമകള്‍ പറയുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി മെടഞ്ഞ കൊട്ടകള്‍ വില്‍പന നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.