ശബരിമല: പരമാവധി തീർഥാടകരെ അനുവദിക്കണമെന്ന ഹൈകോടതി നിർദേശം ദേവസ്വം ബോർഡിന് അനുഗ്രഹമാകും. ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നത് പരമാവധി തീർഥാടകരെ കയറ്റിവിടാനാണ്. അതുവഴി പരമാവധി വരുമാനം നേടുകയെന്നതും ബോർഡിെൻറ ലക്ഷ്യമാണ്.
ആചാരം പാലിക്കാൻ അനുവദിക്കാതെ നിയന്ത്രണങ്ങൾ ഏർെപ്പടുത്തി ഭക്തരെ കടത്തിവിടുന്നത് വിമർശനങ്ങൾക്ക് കാരണമാകുന്നുമുണ്ട്. ഇതോടെ മണ്ഡലകാല തീർഥാടനം വിവാദമാകുമെന്ന് സൂചനയുണ്ട്. തുലാമാസ പൂജകൾക്ക് നടതുറന്ന ശബരിമലയിൽ വലിയ സാമ്പത്തികനഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടായത്.
ദർശനത്തിന് ബുക്ക് ചെയ്തവരിൽ 40 ശതമാനവും എത്തിയില്ല. ഇതോടെ നടവരവ് നാമമാത്രമായി. തീർഥാടനം തുടങ്ങുന്നതിന് മുന്നോടിയായുള്ള ട്രയൽ റൺ ആയാണ് തുലാമാസ പൂജയെ ദേവസ്വം ബോർഡ് കണക്കാക്കിയത്. എത്രത്തോളം തീർഥാടകരെ കയറ്റാം, എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം, ഒരുക്കേണ്ട സൗകര്യങ്ങൾ എന്നതിലൊക്കെയുള്ള പഠനം കൂടിയായിരുന്നു തുലാമാസ പൂജാവേള.
ഓൺലൈൻ ബുക്ക് ചെയ്യുന്ന 250 പേർക്കാണ് പ്രതിദിനം പ്രവേശനം അനുവദിച്ചത്. നട തുറന്ന അഞ്ചുദിവസങ്ങളിലായി 1250 പേരാണ് ബുക്ക് ചെയ്തത്. എത്തിയത് 750ൽ താഴെ തീർഥാടകർ മാത്രമാണ്. 29 ലക്ഷം രൂപ മാത്രമാണ് ഇൗ ദിവസങ്ങളിലെ നടവരവ്.
150 ദേവസ്വം, 120 ആരോഗ്യവകുപ്പ്, 100 പൊലീസ് എന്നിങ്ങനെ ജീവനക്കാരെ വിന്യസിച്ചിരുന്നു. ഇവർക്കെല്ലാം അഞ്ചുദിവസവും ഭക്ഷണം, ദേവസ്വം ജീവനക്കാർക്ക് ടി.എ, മറ്റ് അലവൻസുകൾ തുടങ്ങി വലിയ ചെലവാണ് ബോർഡിനുണ്ടായത്. ചെലവിനുള്ള പൈസപോലും നടവരവായി ലഭിച്ചില്ല. അതോടെ ഈ നിലയിൽ മുന്നോട്ടുപോകാനാകിെല്ലന്ന് ബോർഡ് മനസ്സിലാക്കിയപ്പോഴാണ് പരമാവധി ഭക്തർക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി നിർദേശം ബുധനാഴ്ച വന്നത്.
മണ്ഡലകാലത്ത് പ്രതിദിനം 1000 പേരെ മലകയറ്റാനാണ് ബോർഡ് തീരുമാനിച്ചത്. അപ്പോഴും ബുക്ക് ചെയ്യുന്നവരിൽ വലിയൊരു ശതമാനവും എത്താനിടയില്ല. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ 5000ത്തിനുമുകളിൽ ആൾക്കാരെ പ്രതിദിനം പ്രവേശിപ്പിക്കാനാകുമെന്ന് തുലാമാസ പൂജവേളയിൽ മനസ്സിലായിട്ടുണ്ട്.
അതനുസരിച്ചാകും മണ്ഡലകാലത്ത് തീർഥാടകർക്ക് പ്രവേശനം അനുവദിക്കുക. ഹൈകോടതി നിർദേശം സ്വാഗതാർഹമാണെന്നും മണ്ഡലകാലത്ത് കൂടുതൽ തീർഥാടകരെ അനുവദിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.