കൊച്ചി: വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാത്തവരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത് പരമാവധി നിയന്ത്രിക്കണമെന്ന് ഹൈകോടതി. ഈ വർഷം ഇതുവരെ 1.19 ലക്ഷം തീർഥാടകർ ബുക്കിങ്ങില്ലാതെ ദർശനം നടത്തിയിട്ടുണ്ടെന്ന ദേവസ്വം ബോർഡിന്‍റെ വിശദീകരണം കൂടി പരിഗണിച്ചാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
ദിവസവും 90,000 ബുക്കിങ് മാത്രമേ വെർച്വൽ ക്യൂ വഴി സ്വീകരിക്കാവൂവെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ദർശനം 19 മണിക്കൂറെന്നത് കണക്കിലെടുത്ത് വേണം സമയം നിർണയിച്ച് നൽകാൻ. നിലക്കലിലെ പാർക്കിങ് കേന്ദ്രങ്ങളിൽ പരമാവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ശബരിമലയിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയ സ്വീകരിച്ച ഹരജിയാണ് കോടതിയുടെ നിർദേശം. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി നിർദേശിച്ചു. തിരക്ക് നിയന്ത്രിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. പത്തനംതിട്ട കലക്ടറും ശബിരമല സ്പെഷൽ കമീഷണറുമായി ആലോചിച്ച് പ്രത്യേക ക്രമീകരണം ഒരുക്കണം. ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടിൽ സർക്കാർ, ദേവസ്വം ബോർഡ്, ചീഫ് പൊലീസ് കോഓഡിനേറ്റർ, കെ.എസ്.ആർ.ടി.സി തുടങ്ങിയവയുടെ വിശദീകരണം തേടി. കെ.എസ്.ആർ.ടി.സി ബസിൽ തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതടക്കം വിഷയങ്ങൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
സന്നിധാനം മുതൽ ശബരിപീഠം വരെ തീർഥാടകർക്ക് ചുക്കുകാപ്പിയും ബിസ്കറ്റും നൽകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പ്രായമായവർ, ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ എന്നിവർക്കായി ദർശനത്തിന് പ്രത്യേക ക്യൂ ഒരുക്കും. നിലക്കലിലേക്ക് വെള്ളമെത്തിക്കാൻ യഥേഷ്ടം ടാങ്കർ കൊണ്ടുപോകാൻ തടസ്സമില്ലാത്ത വിധം പൊലീസ് നടപടി സ്വീകരിക്കണം. ആവശ്യമായ വെള്ളം നിലക്കലിലുണ്ടോയെന്ന് പത്തനംതിട്ട ജില്ല കലക്ടർ ഉറപ്പുവരുത്തണം. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എല്ലാ സീസണിലും പ്രീപെയ്ഡ് ടാക്സി കൗണ്ടർ തുടങ്ങുന്നത് സംബന്ധിച്ച് റെയിൽവേയുടെ നിലപാടും തേടി.
ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് നട തുറന്ന ശേഷം ഒരാഴ്ചയായി നീണ്ട തീർഥാടക പ്രവഹത്തിന് വ്യാഴാഴ്ച ശമനം. 82,365 പേർ വെർച്വൽ ക്യൂബുക്ക് ചെയ്ത് ദർശനത്തിനെത്തി. ഒരാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ ബുക്കിങ്ങാണിത്. ബുധനാഴ്ച ദർശനം നടത്താനാകാതിരുന്നവരുടെ നീണ്ടവരി പുലർച്ച മുതൽ നടപ്പന്തിലുണ്ടായിരുന്നു.
ഇതോടെ പടികയറ്റം വേഗത്തിലാക്കി വരിയിലെ തിരക്ക് നിയന്ത്രിച്ചു. ഉച്ചയോടെ നടപ്പന്തലിലെ തിരക്ക് മൂന്നുവരിയിലേക്ക് ചുരുങ്ങി. തീർഥാടകർക്ക് കാത്തിരിപ്പില്ലാതെ ദർശനം നടത്താനായി. വൈകീട്ട് നട തുറന്നപ്പോഴേക്കും നടപ്പന്തലിലെ വരികൾ നിറഞ്ഞെങ്കിലും തീർഥാടകരുടെ ദർശനം വേഗത്തിലായി. വരും ദിവസങ്ങളിലും തൊണ്ണൂറായിരത്തിൽ താഴെപേർ മാത്രമാണ് ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളത്. 19ന് ലക്ഷത്തിലധികം പേരാണ് ഓൺലൈൻ മുഖേനെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശബരിമല: തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തുകൊള്ളാന്‍ എ.ഡി.ജി.പി എം.ആർ. അജിത്കുമാര്‍. ദേവസ്വം മന്ത്രിയുടെ അധ്യക്ഷയിൽ വ്യാഴാഴ്ച രാവിലെ പമ്പയിൽ ചേര്‍ന്ന അവലോകന യോഗത്തിലാണ് എ.ഡി.ജി.പി ഇങ്ങനെ പറഞ്ഞത്. പതിനെട്ടാംപടി ഡ്യൂട്ടിക്ക് പരിചയക്കുറവുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എ.ഡി.ജി.പിയുടെ മറുപടിയിൽ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെ താനത് തമാശയായി പറഞ്ഞതാണെന്ന് തിരുത്തി. തിരക്ക് നിയന്ത്രണത്തിനെന്ന പേരിൽ പൊലീസ് സ്വീകരിക്കുന്ന നടപടികൾ പലതും തീർഥാടകരുടെ ദുരിതം വർധിപ്പിക്കുന്നുവെന്നാണ് ദേവസ്വം ബോർഡിന്‍റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.