തിരുവനന്തപുരം: വിവാദമായ ഭരണഘടന വിരുദ്ധ പ്രസംഗത്തെതുടർന്ന് രാജിവെക്കേണ്ടിവന്ന സജി ചെറിയാന് പുതുവർഷ സമ്മാനമായി വീണ്ടും മന്ത്രി സ്ഥാനം. സജിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജനുവരി നാലിന് സത്യപ്രതിജ്ഞക്ക് അനുമതി ആരാഞ്ഞ് മുഖ്യമന്ത്രി ഗവർണർക്ക് കത്തുനൽകി. അതംഗീകരിക്കപ്പെട്ടാൽ നാലിന് രാജ്ഭവനിൽ സത്യപ്രതിജ്ഞ നടക്കും. സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അറിയിച്ചു. വകുപ്പുകളും മറ്റും മുഖ്യമന്ത്രി തീരുമാനിക്കും.
അതേസമയം മല്ലപ്പള്ളിയിലെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് തീർപ്പാകുംമുമ്പ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ഇനി കോടതിയാണ് തീരുമാനിക്കേണ്ടത്.
കോടതി തീരുമാനത്തിന് കാത്തുനിൽക്കാതെ സജിയെ മടക്കിക്കൊണ്ടുവരാനാണ് സി.പി.എം തീരുമാനം. എം.എൽ.എ സ്ഥാനത്തുനിന്ന് സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹരജി നേരത്തേ ഹൈകോടതി തള്ളിയിരുന്നു. ജനുവരി രണ്ടിന് തലസ്ഥാനത്ത് മടങ്ങിയെത്തുന്ന ഗവർണർ ആറിന് വീണ്ടും പോകുന്നതിനാലാണ് നാലാംതീയതി സത്യപ്രതിജ്ഞ നടത്താൻ അനുമതി തേടിയത്.
കഴിഞ്ഞ ജൂലൈ മൂന്നിനാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. പ്രതിഷേധം രൂക്ഷമായി കോടതി കേസെടുക്കാൻ നിർദേശിച്ചതോടെയാണ് ജൂലൈ ആറിന് മന്ത്രിസ്ഥാനം രാജിവെച്ചത്. പകരക്കാരനെ മന്ത്രിയാക്കുന്നതിന് പകരം അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ വിഭജിച്ച് നൽകുകയായിരുന്നു.
ഗവർണർ നിയമോപദേശം തേടി
ഭരണഘടന വിരുദ്ധ പരാമർശത്തിന്റെ പേരിൽ രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശിപാർശ സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. ഹൈകോടതിയിലെ ഗവർണറുടെ അഭിഭാഷകനോടാണ് ഉപദേശം ചോദിച്ചത്. സജിയുടെ മന്ത്രിസഭ പുനഃപ്രവേശനം നിയമപരമാണോയെന്ന് പരിശോധിച്ച ശേഷമായിരിക്കും സത്യപ്രതിജ്ഞ കാര്യത്തിൽ അന്തിമ തീരുമാനം. ഈമാസം നാലിന് സത്യപ്രതിജ്ഞക്ക് സമയം ചോദിച്ച് സർക്കാർ ഗവർണർക്ക് കത്തു നൽകിയിട്ടുണ്ട്.
സത്യപ്രതിജ്ഞാദിനം കരിദിനം -സുധാകരൻ
സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മന്ത്രിയായുള്ള തിരിച്ചുവരവ് അംഗീകരിക്കാനാവില്ലെന്നും നിയമനടപടികൾ ആലോചിക്കുന്നതായും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാൻ ഭരണഘടനാലംഘനം നടത്തിയിട്ടില്ലെന്ന് സി.പി.എം മാത്രം തീരുമാനിച്ചാൽ മതിയോ. സി.പി.എമ്മിന് ഒന്നും ബാധകമല്ല. ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി തീരുമാനിക്കും -സജി ചെറിയാൻ
മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങിക്കിടന്നിട്ടില്ലെന്നും പ്രധാനപ്പെട്ട സ്ഥാനം പോകുമെന്ന് പറഞ്ഞപ്പോൾ ഭയപ്പെട്ടില്ലെന്നും സജി ചെറിയാൻ. ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജി പിൻവലിക്കുന്നത് ആലോചിക്കേണ്ടത് പാർട്ടിയാണ്. അതാണ് ഇപ്പോൾ നടത്തിയത്. ഇനി തീരുമാനം മുഖ്യമന്ത്രിയുേടതാണ്. കോടതിയിൽ രണ്ട് കേസ് വന്നതിനാലാണ് രാജിവെച്ചത്. ഇപ്പോൾ മന്ത്രിയാവുന്നതിന് നിയമപരമായി തടസ്സമില്ല. പ്രതിപക്ഷനേതാവിനും പരാതിക്കാരനും നിയമനടപടികളുമായി മുന്നോട്ടുപോകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.