ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ ബുധനാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി.ഒ എം.വി. സുരേഷ്‌കുമാർ മുമ്പാകെ നാലുസെറ്റ് പത്രികകളാണ് സമർപ്പിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, ജില്ല ആക്ടിങ് സെക്രട്ടറി ആർ. നാസർ, എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻറ് കെ.എസ്. രവി, സെക്രട്ടറി പി. വിശ്വംഭരപ്പണിക്കർ എന്നിവർ സ്ഥാനാർഥിെക്കാപ്പം ഉണ്ടായിരുന്നു.
രാവിലെ മാതാവ് ശോശാമ്മ ചെറിയാെൻറ അനുഗ്രഹം വാങ്ങി. പിന്നീട് കുടുംബസമേതം പിതാവ് ടി.ടി. ചെറിയാനെ അടക്കിയ പള്ളിയിലെ കല്ലറക്കു മുന്നിൽ എത്തി രക്തഹാരം സമർപ്പിച്ചശേഷം മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചു. തുടർന്ന്, രക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തി.
അന്തരിച്ച എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ ആലായിലെ വീട്ടിലെത്തി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷം കാൽനടയായാണ് പത്രികസമർപ്പണത്തിന് പുറപ്പെട്ടത്. എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സംഘം നഗരത്തിൽ എത്തിയതോടെ വൻ റാലിക്ക് സമാനമായ ജനക്കൂട്ടമായി മാറി. തുടർന്ന് കിലോമീറ്ററോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ജനങ്ങൾ എൽ.ഡി.എഫിെൻറ വിജയം ആഗ്രഹിക്കുന്നു -സജി ചെറിയാൻ
കക്ഷി രാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരിലെ ജനങ്ങൾ എൽ.ഡി.എഫിെൻറ വിജയം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായതായി എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ. പത്രികസമർപ്പണത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് എം, ബി.ഡി.ജെ.എസ് പ്രവർത്തകർ എൽ.ഡി.എഫിന് വോട്ടുചെയ്യും. മനഃസാക്ഷി വോട്ടിന് ഇരുപാർട്ടികളും ആഹ്വാനം ചെയ്യുമോയെന്ന ചോദ്യത്തിന് ചെങ്ങന്നൂരിലെ വോട്ടർമാരുടെ മനഃസാക്ഷി ഇടതുപക്ഷത്തിനൊപ്പമാണെന്നായിരുന്നു സജിയുടെ മറുപടി. കെ.കെ. രാമചന്ദ്രൻ നായർ തുടങ്ങിെവച്ച വികസനപ്രവർത്തനങ്ങളുടെ തുടർച്ച ആഗ്രഹിക്കുന്ന ചെങ്ങന്നൂരുകാർ എൽ.ഡി.എഫിനൊപ്പം നിൽക്കും. ഒന്നാംഘട്ട പൊതുപര്യടനത്തിൽ മണ്ഡലത്തിലെ മുഴുവൻ ബൂത്ത് കേന്ദ്രങ്ങളിലും ലഭിച്ച മികച്ച സ്വീകരണം കക്ഷിരാഷ്ട്രീയത്തിനതീതമായി വോട്ടർമാർ എൽ.ഡി.എഫ് ജയം ആഗ്രഹിക്കുന്നതിെൻറ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
സജി ചെറിയാൻ പത്രിക സമർപ്പണവേളയിൽ ചട്ടം ലംഘിച്ചു -ലിജു
ഇടതുമുന്നണി സ്ഥാനാർഥി സജി ചെറിയാൻ നാമനിർദേശ പത്രിക സമർപ്പണവേളയിൽ ചട്ടലംഘനം നടത്തിയതായി ഡി.സി.സി പ്രസിഡൻറ് എം. ലിജു വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർഥിയടക്കം അഞ്ചുപേർ മാത്രമേ വരണാധികാരിക്ക് മുന്നിൽ ഹാജരാകാൻ അനുവാദമുള്ളൂ. അത് ലംഘിച്ച് 15 പേരാണ് സ്ഥാനാർഥിയോടൊപ്പം മുറിയിൽ കയറിയത്.
മുൻ എം.പി സുജാത, മുൻ എം.എൽ.എ ശോഭന ജോർജ്, അഭിഭാഷകരായ ഉമ്മൻ ആലുംമൂട്ടിൽ, സി. ജയചന്ദ്രൻ, തുമ്പമൺ ജോർജുകുട്ടി, ഗിരീഷ് ഇലഞ്ഞിമേൽ, സജി വെള്ളവന്താനം, നായർ സുരേന്ദ്രനാഥ് തുടങ്ങിയവരാണ് മുറിയിൽ ഉണ്ടായിരുന്നത്. ഇത് നഗ്നമായ ചട്ടലംഘനമാണ്. അതിനാൽ സ്ഥാനാർഥിയെ അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ഔദ്യോഗിക പദവിയും വാഹനവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ദുരുപയോഗം ചെയ്യുകയാണ്. ഭരണഘടന പദവി ദുർവിനിയോഗം ചെയ്യുന്ന ദേവസ്വം ബോർഡ് അംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നു. പഞ്ചായത്ത് ഭരണസമിതി അറിയാതെ വികസനപ്രവർത്തനങ്ങൾ നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.
ചെങ്ങന്നൂരിൽ അധികാര ദുർവിനിയോഗം -ബി.ജെ.പി
ഇടതുമുന്നണി ചെങ്ങന്നൂരിൽ നഗ്നമായ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ. സർക്കാർ സംവിധാനങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് പ്രവർത്തനം നടത്തുന്നു. തെരഞ്ഞെടുപ്പ് കമീഷെൻറ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർഥി നാമനിർദേശപത്രിക സമർപ്പിച്ചത്. പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ എൻ.ഡി.എ നേതൃത്വം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായ സാഹചര്യത്തിൽ റിട്ടേണിങ് ഓഫിസറെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് എൻ.ഡി.എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പുനിരീക്ഷകരെയും എൻ.ഡി.എ പ്രതിനിധിസംഘം സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സജി ചെറിയാനെ അയോഗ്യനാക്കണം -ആം ആദ്മി പാര്‍ട്ടി
എല്ലാം ധാർഷ്ട്യത്തിൽ നേടിയെടുക്കുന്ന സി.പി.എമ്മിെൻറ സ്ഥിരം ശൈലിയാണ് സജി ചെറിയാൻ നാമനിർദേശപത്രിക സമർപ്പിക്കുമ്പോഴും ആർ.ഡി.ഒക്ക് മുന്നിൽ കാണിച്ചതെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ. ഇലക്ഷൻ കമീഷെൻറ ചട്ടങ്ങൾ പാലിക്കാൻ എല്ലാ പാർട്ടികളും ബാധ്യസ്ഥരാണ്. പക്ഷേ സി.പി.എം നേതാക്കളും അനുയായികളും കൂട്ടമായി എത്തി തെരഞ്ഞെടുപ്പ് കമീഷെൻറ ഓഫിസ് പാർട്ടി ഓഫിസാക്കി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച സജി ചെറിയാനെ അയോഗ്യനാക്കണം. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് സംവിധാനത്തിെൻറ പവിത്രത സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം ഇത്തരം സമ്മർദങ്ങൾക്ക് കീഴ്പ്പെടരുതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.