കോട്ടയം: ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയവർക്ക് സംരക്ഷണം നൽകണമെന്ന് നിർദേശിക്കുന്ന നിയമസഭ അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോർട്ടിൽ രണ്ടുവർഷമായിട്ടും നടപടിയില്ല. സർഫാസി നിയമത്തിെൻറ പരിധിയിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കണമെന്ന സുപ്രധാന ശിപാർശയടക്കം 12 നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് 2019 നവംബർ 21നാണ് നിയമസഭയിൽ സമർപ്പിച്ചത്. എസ്. ശർമയുടെ നേതൃത്വത്തിൽ നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം 12 എം.എൽ.എമാരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്.
നിശ്ചിതതുക വായ്പയെടുത്തതും സർഫാസി നിയമത്തിെൻറ വ്യവസ്ഥപ്രകാരം ഭൂമി നഷ്ടപ്പെടുമെന്ന ഭീഷണിയിലായതുമായ അർഹരായ പാവപ്പെട്ട പട്ടികവിഭാഗങ്ങളിലുള്ളവരുടെ കടം സർക്കാർ തിരിച്ചടച്ച് ജപ്തി ഒഴിവാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും ക്രമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ തട്ടിയെടുത്ത ആധാരങ്ങൾ അവർക്ക് തിരികെ ലഭിക്കാനുള്ള ബൃഹത്പദ്ധതി നടപ്പാക്കാനും കമ്മിറ്റി നിർദേശിച്ചിരുന്നു. തിരിച്ചടവിൽ വീഴ്ച വരുത്തിയവരെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ ഗുണ്ടസംഘങ്ങളെ നിയോഗിക്കുന്നതു ഉൾപ്പെടെ സർഫാസി ആക്ടിൽ പ്രതിപാദിച്ചിട്ടില്ലാത്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പണമിടപാട് നടത്തുന്നവർക്കെല്ലാം ബാധകമാകുന്ന വിധം സമഗ്ര നിയമനിർമാണം വേണം.
കടക്കെണിയിൽപെട്ടവർക്ക് സൗജന്യ നിയമസഹായം നൽകുന്നതിന് സീനിയർ അഭിഭാഷകർ ഉൾപ്പെടെയുള്ളവരുടെ പ്രത്യേക പാനൽ തയാറാക്കണം. വായ്പക്കാരുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോയും മേൽവിലാസവും സഹിതം പരസ്യങ്ങൾ നൽകുകയും ബോർഡുകൾവെക്കുകയും ചെയ്യുന്ന ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. തിരിച്ചടവിൽ മൂന്നിൽരണ്ട് ഗഡുക്കൾ അടച്ചിട്ടുണ്ടെങ്കിൽ ബാക്കി തുകയെ സർഫാസി നിയമ പരിധിയിൽനിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടണം.
ഒരു വർഷത്തിനുശേഷവും തിരിച്ചടവ് നടത്താത്ത വായ്പക്കാർക്ക് എതിരെ മാത്രമേ സർഫാസി നിയമപ്രകാരം നടപടി ആരംഭിക്കാവൂ. ഒരുലക്ഷം രൂപക്ക് മുകളിലുള്ളത് എന്നതുമാറ്റി 10 ലക്ഷം രൂപക്ക് മുകളിലുള്ള വായ്പക്ക് മാത്രമേ നിയമം ബാധകമാവൂ എന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണം. കർഷകർ എടുക്കുന്ന എല്ലാത്തരം കടങ്ങളും കാർഷിക കടമായി കണ്ട് നിയമ പരിധിയിൽനിന്ന് ഒഴിവാക്കണം. വിദ്യാഭ്യാസ വായ്പയെടുത്ത ശേഷം നിശ്ചിത കാലയളവിനുള്ളിൽ ജോലി ലഭിക്കാതെ തിരിച്ചടവ് മുടങ്ങിയവരെ സർഫാസി നിയമ പരിധിയിൽനിന്ന് ഒഴിവാക്കുകയോ കാലാവധി നീട്ടി നൽകുകയോ ചെയ്യണം.
തോട്ടവിളകൾ ഉൾപ്പെടെ എല്ലാത്തരം കൃഷിയും ചെയ്യുന്ന ഭൂമി കൃഷിഭൂമിയായി കണക്കാക്കി വായ്പ നൽകണം. വായ്പയെടുക്കുന്നതിന് മുമ്പ് ഉപദേശം നൽകാൻ സംസ്ഥാന സർക്കാർ ക്രെഡിറ്റ് കൗൺസലിങ് സെൻററുകൾ ആരംഭിക്കണം തുടങ്ങിയവയായിരുന്നു പ്രധാന ശിപാർശകൾ. ഏറെ പ്രയോജനകരമായ നിർദേശങ്ങളിൽ സർക്കാർ തുടർനടപടിയൊന്നും എടുത്തിട്ടില്ലെന്ന് കമ്മിറ്റി അംഗമായിരുന്ന മോൻസ് ജോസഫ് എം.എൽ.എ 'മാധ്യമ'ത്തോടു പറഞ്ഞു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.