മുഖ്യമന്ത്രിയും ഗവർണറും തമ്മിലെ തർക്കം മുമ്പും ഉണ്ടായിട്ടുണ്ടന്നും അത് ഒത്തുതീർപ്പിലെത്തിയതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയും ഗവർണറും തമ്മിലെ തർക്കവും, ബി.ജെ.പിയുടെ കേന്ദ്രസർക്കാറും സി.പി.എമ്മിന്‍റെ സംസ്ഥാന സർക്കാറും തമ്മിലെ തർക്കവും ഒത്തു തീർപ്പിലെത്തിക്കാൻ ഇട നിലക്കാരുണ്ട്. വി.സി നിയമനവുമായി ബന്ധപ്പെട്ട തർക്കവും അങ്ങനെ ഒത്തുതീർപ്പിലെത്തുകയോ എത്താതിരിക്കുകയോ ചെയ്യട്ടെയെന്നും തങ്ങളുടെ വിഷയം അതല്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
'സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിലും അക്കദമിക് ആയ കാര്യങ്ങളിലും സി.പി.എം ഇടപെടുകയാണെന്നത് ഞങ്ങൾ നിരന്തരം ഉന്നയിക്കുന്നതാണ്. അതാണ് ഞങ്ങളുടെ വിഷയം' -വി.ഡി സതീശൻ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വി.സി പുനർനിയമനം നിയമവിരുദ്ധമാണെന്ന് യു.ഡി.എഫ് നേരത്തെ ചൂണ്ടികാട്ടിയതാണ്. ഗവർണർ അതിൽ ഒപ്പിട്ടതും തെറ്റാണ്. തങ്ങൾ നേരത്തെ ചൂണ്ടികാട്ടിയത് ഗവർണർ അംഗീകരിക്കുക മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് കൊടുത്ത കത്തിലുള്ളതെന്നും സതീശൻ പറഞ്ഞു.
സർവകലാശാലകളിൽ ഏതൊരു പോസ്റ്റ് ഡിക്ലയർ ചെയ്താലും അത് ഏതെങ്കിലും സി.പി.എം നേതാവിന്‍റെ ബന്ധുവിന് റിസർവ് ചെയ്തിട്ടായിരിക്കും നടപടി തുടങ്ങിയിട്ടുണ്ടാകുക എന്നത് വിദ്യാസമ്പന്നർക്കൊക്കെ ഇപ്പോൾ ധാരണയുണ്ട്. അതുകൊണ്ട് അതിന് അപേക്ഷിക്കാൻ പോലും ആരും തയാറാകാത്ത സ്ഥിതിയാണ്. പിൻവാതിൽ നിയമനങ്ങളുടെ നീണ്ട നിരയാണ് സർവകലാശാലകളിലുള്ളത്. ആരോപണ വിധേയമായ മുഴുവൻ നിയമനങ്ങളും റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. ഇതിനായി കോൺഗ്രസ് പാർട്ടിയും യു.ഡി.എഫും സമര രംഗത്തുണ്ടാകുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.