കോഴിക്കോട്: ലക്ഷദ്വീപ് ജനതയുടെ മേല്‍ സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ ദ്വീപ് ജനതക്ക് പിന്തുണയും ഐക്യദാര്‍ഢ്യവുമായി ലക്ഷദ്വീപ് കലക്ടിവ്. കേരളത്തില്‍നിന്നുള്ള പാര്‍ലമെൻറ് അംഗങ്ങളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത മേഖലയിലെ പ്രമുഖരും ലക്ഷദ്വീപ് കലക്ടിവിൻെറ ഭാഗമായി. തീര്‍ത്തും അയുക്തികരവും അന്യായവുമായ നടപടികളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്നതെന്ന് ഉദ്ഘാടനം ചെയ്ത എ.എം. ആരിഫ് എം.പി പറഞ്ഞു. തുഗ്ലക്കിയന്‍ പരിഷ്കാരമാണ് ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്നും ഇത് ഒരുനിലക്കും അനുവദിക്കാനാവില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു.
രാജ്യത്തിലെ ജനതയോട് എത്ര ക്രൂരമായാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നതെന്നതിൻെറ മികച്ച ഉദാഹരണമാണ് ലക്ഷദ്വീപ് അനുഭവങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി മലിക് മുഅ്തസിം ഖാന് അഭിപ്രായപ്പെട്ടു. ഭക്ഷണത്തിലും സംസ്കാരത്തിലും സ്വെെരജീവിതത്തിലും ഇടപെട്ട് വംശീയമായി തകര്‍ക്കുകയാണ് ഭരണകൂടമെന്ന് എഴുത്തുകാരന് മധുപാല്‍ പറഞ്ഞു. എല്ലാ സന്ദിഗ്ധതകള്ക്കിടയിലും ഫാഷിസത്തിനെതിരെ മര്‍ദിതരുടെ പക്ഷത്തുനിന്ന്, രാജ്യത്തിൻെറ നന്മക്കായി നമുക്കൊന്നിച്ചു നില്ക്കാന് സാധിക്കുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ ജനതക്ക് നല്കിയ പരിഗണന ദ്വീപ് ജനതക്കും വകവെച്ചുനല്‍കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെൻറ് ജനറല്‍ സെക്രട്ടറി ഹുസൈന് മടവൂര്‍ പറഞ്ഞു. ദ്വീപ് ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജനാധിപത്യപരമായ മുഴുവന്‍ പ്രതിരോധങ്ങളും തീര്‍ക്കേണ്ട സമയമാണെന്ന് മാധ്യമപ്രവര്ത്തകന് എം.ജി. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ജനതകളെയും ഭൂമിയെയും ആഭ്യന്തര കോളനിവത്കരണത്തിന് വിധേയമാക്കുന്നതാണ് ഇന്ത്യന്‍ ഭരണവര്‍ഗത്തിൻെറ രീതിയെന്നും ദ്വീപിനെ നാവിക കേന്ദ്രമാക്കാനുള്ള ശ്രമത്തിെൻറ കൂടി ഭാഗമാണ് പരിഷ്കാരങ്ങളെന്നും കൂടങ്കുളം സമരനായകന് എസ്.പി. ഉദയകുമാര്‍ പറഞ്ഞു.
ടി.എൻ. പ്രതാപന് എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, പന്ന്യന്‍ രവീന്ദ്രന്, മുനവ്വറലി ശിഹാബ് തങ്ങള്‍, കല്പറ്റ നാരായണന്, കെ.ഇ.എന്‍, ശംസുദ്ദീന്‍ മന്നാനി, കെ.എ. ഷഫീഖ്, ശംസുദ്ദീന്‍ ഖാസിമി, കെ. താജുദ്ദീന് സ്വലാഹി, രേഖാരാജ്, കെ.പി. ശശി, കെ. അജിത, ഡോ. അജയ് ശേഖര്‍, പി. മുജീബുറഹ്മാന്‍, ഷക്കീല്‍ മുഹമ്മദ്, ശിഹാബ് പൂക്കോട്ടൂര്‍, സമദ് കുന്നക്കാവ്, ഷക്കീല്‍ അഹ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.