കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ് പ്രശ്നത്തിലും മലബാറിൽ പ്ലസ്വൺ അധിക ബാച്ച് അനുവദിക്കുന്നതിലും സർക്കാർ അലംഭാവത്തിനെതിരെ മുസ്ലിം സംഘടനകൾ സംയുക്ത പ്രക്ഷോഭത്തിന്. സ്കോളർഷിപ് വിഷയത്തിൽ അടിയന്തര നടപടിക്കായി സംഘടനകൾ മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി സമർപ്പിക്കുകയും സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തുകയും ചെയ്തിരുന്നു. പരാതിയിൽ മറുപടി നൽകാൻപോലും മുഖ്യമന്ത്രി തയാറാകാത്തതിൽ കഴിഞ്ഞദിവസം നടന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അതോടൊപ്പം, മലബാർ ജില്ലകളിൽ പ്ലസ്വൺ പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർഥികൾ പുറത്തിരിക്കേണ്ട സാഹചര്യത്തിൽ അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.
പ്രക്ഷോഭത്തിെൻറ ആദ്യഘട്ടത്തിൽ ഒക്ടോബർ ആദ്യവാരം എല്ലാ ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കും. അതിനിടെ, സംവരണ വിഷയത്തിൽ മറ്റു പിന്നാക്ക സമുദായങ്ങളെ കൂടി ഉൾപ്പെടുത്തി സച്ചാർ കമ്മിറ്റി ആഭിമുഖ്യത്തിലും പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വി.എസ് സർക്കാർ കൊണ്ടുവന്ന 80:20 അനുപാതം റദ്ദാക്കിയുള്ള കോടതി വിധി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
സച്ചാർ കമ്മിറ്റിയെ പിന്തുടർന്ന് പാലോളി കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയതാണ് സ്കോളർഷിപ് എന്ന വസ്തുത പബ്ലിക് പ്രോസിക്യൂട്ടർ മറച്ചുവെച്ചതിനെ തുടർന്നാണ് കോടതി നടപടി ഉണ്ടായത്. ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് മുസ്ലിം സംഘടനകൾ വിശ്വസിക്കുന്നു. സർക്കാറിനെതിരായ കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനു പകരം ധിറുതിപിടിച്ച് നടപ്പാക്കാൻ തീരുമാനിച്ചത് സംശയത്തിന് ബലം നൽകുന്നതാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.