തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒമ്പത് മാസത്തിലേറെ അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. പൊതുവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ ഇറക്കിയ മാർഗരേഖയും ആരോഗ്യസുരക്ഷ മാനദണ്ഡങ്ങളും കർശനമായി പാലിച്ചാകും സ്കൂളുകൾ പ്രവർത്തിക്കുക.
ആദ്യ ആഴ്ചയിൽ പരമാവധി മൂന്ന് മണിക്കൂർ ആയിരിക്കും ഒരു ദിവസത്തെ അധ്യയനം. രക്ഷിതാക്കളുടെ അനുമതിയോടെയായിരിക്കണം കുട്ടികൾ സ്കൂളിൽ എത്തേണ്ടത്. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ അകലം പാലിച്ചായിരിക്കണം ഇരിക്കേണ്ടത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. സ്കൂളിൽ നിർബന്ധമായും മാസ്ക് ധരിക്കണം.
മാർച്ച് 17 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് വേണ്ടിയുള്ള റിവിഷനും സംശയനിവാരണവും ലക്ഷ്യമിട്ടാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികളെ 50 ശതമാനം വരെയുള്ള ബാച്ചുകളാക്കിയാണ് സ്കൂളുകളിൽ എത്തിക്കുന്നത്.
മാർച്ച് 16 വരെ വിദ്യാർഥികൾക്ക് സ്കൂളുകളിൽ കുട്ടികൾക്ക് അധ്യാപകരുടെ സേവനം ലഭ്യമാകും. പൊതുപരീക്ഷക്ക് മുമ്പ് വിദ്യാർഥികൾക്ക് മാതൃക ചോദ്യേപപ്പർ പരിചയപ്പെടുത്തുകയും മാതൃക പരീക്ഷ നടത്തുകയും ചെയ്യും. ഡിജിറ്റൽ ക്ലാസുകളിലെയും നേരിട്ടുള്ള ക്ലാസുകളിലെയും ക്ലാസ് പരീക്ഷകളിലെയും വിദ്യാർഥികളുടെ പ്രകടനം വിലയിരുത്തിയായിരിക്കും നിരന്തര മൂല്യനിർണയം.
മാർച്ച് 30ന് പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയുടെ ഇടവേളയിലായിരിക്കും പ്രായോഗിക പരീക്ഷ നടത്തുക. എട്ട് ലക്ഷത്തിലധികം വിദ്യാർഥികളാണ് സ്കൂളുകളിലെത്തിയത്. മറ്റ് ക്ലാസുകളിലെ കുട്ടികളെ സ്കൂളുകളിലെത്തിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കോളജുകൾ തിങ്കളാഴ്ച മുതലാണ് തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.