ആലപ്പുഴ: ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്റെ ശോഭനമായ ഭാവിക്കൊപ്പം ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യം വെച്ചുള്ളവയാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 56 ാമത് സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെയും വൊക്കേഷണല്‍ എക്‌സ്‌പോയുടെയും ഉദ്ഘാടനം ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉത്തരവാദിത്തത്തോടെ ശാസ്ത്ര മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനുകുന്ന ചര്‍ച്ചകള്‍ കൂടി ശാസ്‌ത്രോത്സവങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര മുന്നേറ്റങ്ങള്‍ മാനവരാശിക്കു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതില്‍, ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിലെല്ലാം നമ്മള്‍ മുന്നേറിയത് ശാസ്ത്രനേട്ടങ്ങളില്‍ ഊന്നിയാണ്. എന്നാലവ പ്രകൃതിക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതത്തെ നാം കാണാതെ പോകരുത്. പ്രത്യേകിച്ച് ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം നേരിട്ടനുഭവിക്കുന്ന ഒരു നാട് എന്ന നിലയില്‍-മുഖ്യമന്ത്രി പറഞ്ഞു.
ഭാവികേരളത്തിന്റെ ശാസ്ത്രമേഖലയിലേക്കും തൊഴില്‍നൈപുണ്യത്തിലേക്കും വിരല്‍ ചൂണ്ടുന്ന ഒന്നാണ് ശാസ്ത്രമേള. മത്സരങ്ങളില്‍ പങ്കെടുക്കുക, സമ്മാനങ്ങള്‍ വാങ്ങുക എന്നതിലപ്പുറം ഇത്തരം ശാസ്ത്രമേളകളിലൂടെ പൊതുസമൂഹത്തിന്റെ ഉത്ക്കര്‍ഷത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ കൂടി മത്സരാര്‍ത്ഥികള്‍ക്കു കഴിയണം.
പ്രത്യേകിച്ച്, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അശാസ്ത്രീയതക്കും മേല്‍ക്കൈ ഉണ്ടാക്കാന്‍ ചില ശക്തികള്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇക്കാലത്ത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ പ്രകാരം ശാസ്ത്രാവബോധം വളര്‍ത്തുക എന്നത് രാജ്യത്തെ പൗരന്മാരുടെ കടമയാണ്. എന്നാല്‍, സയന്റിഫിക് ടെമ്പര്‍ വര്‍ദ്ധിപ്പിക്കുന്ന രീതിയിലല്ല പലപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനായി ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തന്നെ ശ്രമിക്കുന്നു. ആ ശ്രമങ്ങള്‍ക്ക് നമ്മുടെ ശാസ്ത്ര സ്ഥാപനങ്ങളെപ്പോലും തെറ്റായ രീതിയില്‍ ഉപയോഗിക്കുകയാണ്.
ഒരുവശത്ത്, അശാസ്ത്രീയതകളെ ശാസ്ത്രീയ സത്യങ്ങളായി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ്. മറുവശത്ത്, പരിണാമസിദ്ധാന്തം അടക്കമുള്ള ശാസ്ത്ര വിജ്ഞാനങ്ങളെ പുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ കേവലം വര്‍ഷംതോറും നടത്തിവരാറുള്ള മത്സരങ്ങള്‍ എന്നതിലുപരി ശാസ്ത്രാവബോധം വളര്‍ത്തുന്നതിലും അങ്ങനെ സാമൂഹിക പുരോഗതി ഉറപ്പുവരുത്തുന്നതിലും നിർണായക പങ്കുവഹിക്കാന്‍ കഴിയുന്നവയായി ശാസ്‌ത്രോത്സവങ്ങള്‍ മാറണം. ഇക്കാര്യത്തില്‍ അധ്യാപകരും പ്രത്യേക ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 'കോടി സൂര്യനുദിച്ചാലും ഒഴിയാത്തൊരു കൂരിരുള്‍ തുരന്നു സത്യം കാണിക്കും സയന്‍സിന്നു തൊഴുന്നു ഞാന്‍' എന്ന സഹോദരന്‍ അയ്യപ്പന്റെ വാചകം ഉദ്ധരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി. എം.എൽ.എമാരായ പി.പി. ചിത്തഞ്ജന്‍, എച്ച്. സലാം, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി പുറത്തിറക്കുന്ന സുവനീറിന്റെ കവര്‍പേജ് മന്ത്രി പി. പ്രസാദ് .മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കി ചടങ്ങില്‍ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.