തിരുവനന്തപുരം: ഗ്രാൻറ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ബാധ്യതയല്ലെന്ന ധനവകുപ്പ് നിലപാടിന് കാരണം കോടതി വ്യവഹാരങ്ങളും സർക്കാറിനെതിരെയുണ്ടായ വിധികളും ഇതുവഴിയുണ്ടായ സാമ്പത്തിക ബാധ്യതയും. പ്രത്യേക ഉദ്ദേശ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവയും സ്വയാർജിത വരുമാനത്താൽ മുന്നോട്ട് പോകേണ്ടതുമായ സ്ഥാപനങ്ങളാണ് ഗ്രാന്റ ഇൻ എയ്ഡ് സ്ഥാപനങ്ങൾ. പ്രവർത്തനസഹായം എന്ന നിലയിലാണ് സർക്കാർ ഗ്രാന്റായി അനുവദിക്കുന്നത്. ജീവനക്കാരുടെ ശമ്പളവും പെൻഷനുമെല്ലാം അതാത് സ്ഥാപനങ്ങൾ കണ്ടെത്തണം. എന്നാൽ ഇവിടങ്ങളിലെ ജീവനക്കാർ ശമ്പളം, പെൻഷൻ എന്നിവയിൽ വർധനവും കുടിശ്ശികയും ആവശ്യപ്പെട്ട് സർക്കാറിനെതിരെ കേസുകൾ ഫയൽ ചെയ്യുകയും തുക നൽകാൻ കോടതി വിധിയിലൂടെ സർക്കാർ നിർബന്ധിതമാവുകയും ചെയ്തതോടെയാണ് ധനവകുപ്പ് നിലപാട് കടുപ്പിച്ചത്.
ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ ഏതെങ്കിലും തുക ആവശ്യപ്പെട്ട് ഗവൺമെന്റ് സെക്രട്ടറിമാരെ എതിർകക്ഷിയാക്കി കേസുകൾ ഫയൽ ചെയ്യുന്ന സാഹചര്യമുണ്ടായാൽ അപ്പോൾ തന്നെ ഇവ സർക്കാർ ബാധ്യത അല്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യണമെന്ന് സർക്കുലറിൽ പറയുന്നു. ഇത്തരം കേസുകളിൽ സർക്കാർ പണം നൽകേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട സ്ഥാപന അധികാരിയിൽ നിന്നും ഈ തുക ഈടാക്കുമെന്ന മുന്നറിയിപ്പും സർക്കുലറിലുണ്ട്. വിവിധ വകുപ്പുകൾക്ക് കീഴിലായ സംസ്ഥാനത്ത് 200ഓളം സ്ഥാപനങ്ങളാണ് ഗ്രാന്റ് ഇൻ എയ്ഡ് സ്വഭാവത്തിൽ കേരളത്തിലുള്ളത്. സാംസ്കാരിക വകുപ്പിന് കീഴിലാണ് ഇത്തരം സ്ഥാപനങ്ങൾ ഏറെയുള്ളത്.
തിരുവനന്തപുരം: ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ ശമ്പളവും പെൻഷനും ഉൾപ്പെടെ ചെലവുകളൊന്നും സർക്കാറിന്റെ ബാധ്യതയല്ലെന്ന ധന വകുപ്പിന്റെ സർക്കുലർ സർവകലാശാലകളെയും പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക. ശമ്പളത്തിനും പെൻഷൻ വിതരണത്തിനും മറ്റു വികസന പ്രവർത്തനങ്ങൾക്കുമായി സർക്കാറിനെ മാത്രം ആശ്രയിക്കുന്നവയാണ് കേരളത്തിലെ പൊതുസർവകലാശാലകൾ. ഗ്രാന്റ് -ഇൻ - എയ്ഡ് - സാലറി എന്ന ബജറ്റ് ശീർഷകത്തിൽ നിന്നും അനുവദിക്കുന്ന തുകയാണ് സർവകലാശാലകളിൽ ജീവനക്കാരുടെ ശമ്പളം നൽകാൻ വിനിയോഗിക്കുന്നത്.
സർക്കാറിന്റെ പൊതുതീരുമാനം സർവകലാശാലകൾക്കും ബാധകമാക്കുകയാണെങ്കിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. സർവകലാശാലകളിലെ അക്കാദമിക, ഗവേഷണ പ്രവർത്തനങ്ങൾ സ്തംഭിക്കും. വരുമാനം വർധിപ്പിക്കാൻ പരീക്ഷാ ഫീസ് ഉൾപ്പെടെ കുത്തനെ വർധിപ്പിക്കാൻ സർവകലാശാലകൾ നിർബന്ധിതമാകും. ഇത് നിർധന വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വെല്ലുവിളിയാകും.
ഗ്രാൻറ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലെ ശമ്പളവും പെൻഷനും സർക്കാറിന്റെ ബാധ്യതയല്ലെന്ന നിലപാട് അപഹാസ്യമാണെന്ന് ഫെഡറേഷൻ ഓഫ് കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻസ് കുറ്റപ്പെടുത്തി. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് എൻ മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.