തിരുവനന്തപുരം: വയനാട്ടിലെ പ്രകൃതിക്ഷോഭം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര നിലപാട് കേരളത്തോടുള്ള രാഷ്ട്രീയ പ്രതികാരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട് ഉണ്ടായത്. നാന്നൂറിൽ അധികം മനുഷ്യർ മരിച്ച, 2000 കോടിയുടെ നഷ്ടം സംഭവിച്ച ദുരന്തത്തിന്‍റെ ഭീകരത പ്രധാനമന്ത്രി നേരിൽ കണ്ടിട്ടും പ്രത്യേകമായ എന്തെങ്കിലും സഹായം നൽകാൻ തയാറായില്ല. ബി.ജെ.പി രാഷ്ട്രീയത്തോട് കേരളം സ്വീകരിക്കുന്ന നിലപാടിനോടുള്ള പക വീട്ടലാണ് കേന്ദ്രം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിനെക്കാൾ കുറഞ്ഞ നഷ്ടം ഉണ്ടായ ബിഹാറിനും ആന്ധ്രപ്രദേശിനും ഗുജറാത്തിനും ആയിരക്കണക്കിന് കോടിയുടെ സഹായം കേന്ദ്ര സർക്കാർ നൽകി. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്ന മോദി സർക്കാറിന്‍റെ ജനാധിപത്യ വിരുദ്ധ നിലപാടിന്‍റെ ആവർത്തനമാണ് ഇപ്പോൾ ഉണ്ടാകുന്നത്. പ്രകൃതി ദുരന്തത്തെ പോലും കക്ഷിരാഷ്ട്രീയ താൽപര്യത്തോടെ കാണുന്ന രാഷ്ട്രീയ അധാർമ്മികത മോദി സർക്കാറിന്‍റെ മുഖമുദ്രയായി കഴിഞ്ഞിരിക്കുന്നു.
സംസ്ഥാനത്തിന്‍റെ നിർണ്ണായക സന്ദർഭത്തിൽ പോലും ജനങ്ങളുടെ കൂടെ നിൽക്കാത്ത കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ കാപട്യം ജനങ്ങൾക്ക് തിരിച്ചറിയാനുള്ള സന്ദർഭമാണിതെന്നും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളത്തിന്റെ മുകളിൽ പുനരധിവാസത്തിന്‍റെ കനത്ത ഭാരം അടിച്ചേൽപ്പിക്കുന്ന മനുഷ്യത്വമില്ലായ്മക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.