കൂത്തുപറമ്പ്: കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
കണ്ണവം ശിവജി നഗറിലെ ഗംഗ നിവാസിൽ അശ്വിൻ, കോളയാട് പാടിപ്പറമ്പിലെ സഖിൽ നിവാസിൽ കെ. രാഹുൽ, ചെണ്ടയാട് കുന്നുമ്മലിലെ പുള്ളിയുള്ളപറമ്പത്ത് മിഥുൻ, മൊകേരി വള്ളങ്ങാട്ടെ കരിപ്പാലിൽ ഹൗസിൽ യാദവ് എന്നിവരെയാണ് തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, കണ്ണവം സി.ഐ കെ. സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും വയനാട്, മലപ്പുറം ജില്ലകളിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കൂത്തുപറമ്പ് പാലായിയിൽനിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി.
ഗൂഢാലോചനയിൽ പങ്കെടുത്തവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമായ ചൂണ്ടയിൽ സ്വദേശികളായ അഞ്ജു നിവാസിൽ അമൽ രാജ്, ധന്യ നിവാസിൽ പ്രിബിൻ, അഷ്ന നിവാസിൽ ആഷിഖ് ലാൽ ഉൾപ്പെടെ കേസിൽ അഞ്ചുപേർ നേരത്തേ പിടിയിലായിരുന്നു. ഒരാൾകൂടി അറസ്റ്റിലാവാനുണ്ട്. സലാഹുദ്ദീൻ സഞ്ചരിച്ച കാറിൽ മനഃപൂർവം ബൈക്കിടിച്ച് അപകടമുണ്ടാക്കിയ ആളാണ് അറസ്റ്റിലാകാനുള്ളതെന്ന് പൊലീസ് പറഞ്ഞു. അക്രമികൾ ഉപയോഗിച്ച നാലു വാളുകളും ഒരു കാറും ബൈക്കും അന്വേഷണ സംഘം നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. സെപ്റ്റംബർ എട്ടിനാണ് സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ ചിറ്റാരിപ്പറമ്പിനടുത്ത ചൂണ്ടയിൽ വെച്ച് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.