തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിൽ േഫ്ലാട്ടിങ് സംവരണം നിർത്തലാക്കുമ്പോൾ പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക് വൻതോതിൽ സീറ്റുകൾ നഷ്ടപ്പെടുമെന്ന കണക്കുകൾ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും മറച്ചുവെച്ചു. േഫ്ലാട്ടിങ് സംവരണം നിർത്തലാക്കുന്നതിന്റെ സാമൂഹിക പ്രത്യാഘാതം വ്യക്തമാക്കാതെയാണ് ഇതുസംബന്ധിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ സമർപ്പിച്ചതും ഇത് പ്രിൻസിപ്പൽ സെക്രട്ടറി അംഗീകരിച്ചതും. ഇതുസംബന്ധിച്ച് സെക്രട്ടറി മന്ത്രിക്ക് കൈമാറിയ ഫയലിലും സീറ്റ് നഷ്ടത്തിന്റെ വ്യാപ്തി മറച്ചുവെച്ചന്നാണ് വിവരം.
േഫ്ലാട്ടിങ് സംവരണം കാരണം വയനാട്, ഇടുക്കി ഉൾപ്പെടെയുള്ള ഗവ. എൻജിനീയറിങ് കോളജുകളിൽ സംവരണ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾ മാത്രമായി മാറുന്നുവെന്നും ഇത് കോളജിന്റെ അധ്യയന നിലവാരത്തെ ബാധിക്കുന്നുവെന്നുമാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടിയത്. േഫ്ലാട്ടിങ് സംവരണം നിർത്തലാക്കാതെയുള്ള പരിഹാര മാർഗങ്ങളൊന്നും നിർദേശിക്കാതെയുമായിരുന്നു ശിപാർശ. രണ്ട് എൻജിനീയറിങ് കോളജുകളുടെ കാര്യം മാത്രം ചൂണ്ടിക്കാട്ടി സമർപ്പിച്ച ശിപാർശ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു കൂടി കണ്ട ശേഷമാണ് പ്രിൻസിപ്പൽ സെക്രട്ടറി പ്രവേശന പരീക്ഷ കമീഷണർക്ക് കത്ത് നൽകിയതും. േഫ്ലാട്ടിങ് സംവരണം വഴി 2023-24ൽ സർക്കാർ മെഡിക്കൽ കോളജിലും എൻജിനീയറിങ് കോളജിലും പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച കണക്ക് മന്ത്രി ബിന്ദു നിയമസഭയിൽ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ചോദ്യത്തിന് ഉത്തരമായി നൽകിയിട്ടുണ്ട്. ഇതും പ്രിൻസിപ്പൽ സെക്രട്ടറി സർക്കാറിന്റെ ശ്രദ്ധയിൽകൊണ്ടുവന്നില്ല. നിലവിൽ പട്ടികജാതി-വർഗ വകുപ്പിന് കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന ഗവ. മെഡിക്കൽ കോളജിൽ 70 ശതമാനം സീറ്റ് പട്ടികജാതി വിദ്യാർഥികൾക്കും രണ്ട് ശതമാനം സീറ്റ് പട്ടിക വർഗ വിദ്യാർഥികൾക്കും സംവരണം ചെയ്തതാണ്. ഇവിടെ സ്റ്റേറ്റ് മെറിറ്റ് സീറ്റ് 13 ശതമാനം മാത്രമാണ്. 15 ശതമാനം സീറ്റ് അഖിലേന്ത്യ ക്വോട്ടയിലുമാണ്. ഈ കോളജിലില്ലാത്ത പ്രശ്നങ്ങളാണ് ഇടുക്കി, വയനാട് ഗവ. എൻജിനീയറിങ് കോളജുകളിൽ ഉള്ളതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഈ രണ്ട് സർക്കാർ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെക്കാൾ റാങ്കിൽ പിറകിൽ നിൽക്കുന്ന വിദ്യാർഥികൾ പ്രവേശനം നേടുന്ന സ്വാശ്രയ എൻജിനീയറിങ് കോളജുകൾ ബി.ടെക് പരീക്ഷയിൽ മികച്ച ഫലമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കോളജ് മാനേജ്മെന്റും അധ്യാപകരും ചേർന്ന് നടത്തുന്ന ശ്രമമാണ് കാരണം. എന്നാൽ, വയനാട്, ഇടുക്കി എൻജിനീയറിങ് കോളജുകളിൽ മികച്ച ഫലമുണ്ടാക്കാൻ കോളജ് അധികൃതരിൽനിന്ന് ഇടപെടലുണ്ടാകുന്നുമില്ല. മാത്രവുമല്ല, ഈ കോളജുകളിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്ന അധ്യാപകർ അവിടേക്ക് പോകാതെ ഡെപ്യൂട്ടേഷനിൽ പോകുന്നതും പതിവാണ്.
തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിൽ േഫ്ലാട്ടിങ് സംവരണം നിർത്തലാക്കുന്നതിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വൈകാതെ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തും.
ഇതിനു ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. േഫ്ലാട്ടിങ് സംവരണം നിർത്തലാക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. നേരത്തേ 2019ൽ ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കാൻ നീക്കം നടത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ േഫ്ലാട്ടിങ് സംവരണം നിർത്തലാക്കി സ്ഥാപനതല സംവരണം നടപ്പാക്കാൻ നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പ്രവേശന പരീക്ഷ കമീഷണർക്ക് നൽകിയ കത്തിൽ തുടർനടപടിയുണ്ടാകില്ല.
സംവരണം നിർത്തലാക്കാനുള്ള തീരുമാനം കഴിഞ്ഞ വെള്ളിയാഴ്ച ‘മാധ്യമം’ ആണ് പുറത്തുകൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.