സി.പി.എം കരുമാല്ലൂർ ലോക്കൽ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷം

കരുമാല്ലൂർ: സി.പി.എം കരുമാല്ലൂർ ലോക്കൽ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷം. അമ്പതോളം പ്രവർത്തകർ പാർട്ടി വിടാനൊരുങ്ങുന്നതായാണ് സൂചന. കഴിഞ്ഞദിവസം ഇവരുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നതായാണ് വിവരം.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതായി പറയുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന ഏരിയ കമ്മിറ്റി അംഗം, കരുമാല്ലൂർ ലോക്കൽ ലോക്കൽ കമ്മിറ്റി അംഗം എന്നിവർക്കെതിരെയും മുൻ പഞ്ചായത്ത് അംഗമായിരുന്ന ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെയുമാണ് ജില്ല നേതൃത്വത്തിന് പലതവണ രേഖാമൂലം ഇവർ പരാതി അറിയിച്ചത്. നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടാനൊരുങ്ങുന്നത്. ഭൂരിഭാഗവും യുവാക്കളാണ് രംഗത്തു വന്നിരിക്കുന്നത്.

കരുമാല്ലൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ 26 ബ്രാഞ്ചുകളിലായി നാനൂറിൽപരം അംഗങ്ങളാണുള്ളത്. ബാങ്ക് ജീവനക്കാരനായിരുന്ന നേതാവ് ജോലിയിൽനിന്ന് വിരമിച്ച ഉടൻ കരുമാല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ആകാൻ തയാറെടുത്തതാണ് വിഭാഗീയതക്ക് തുടക്കമിട്ടത്. ഗെയിൽ വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്ത കരുമാല്ലൂരിലെ നേതാവിന്റെ മകൻ ഗെയിൽ ഇന്ത്യ ലിമിറ്റഡിലെ ഉദ്യോഗസ്ഥനായി മാറിയത് പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു. കൂടാതെ കഴിഞ്ഞ രണ്ടു മാസം മുമ്പ് പുറത്തു വന്ന 17ാം വാർഡിലെ കുടുംബശ്രീ തട്ടിപ്പിലും മുൻ പഞ്ചായത്ത് അംഗത്തിനെതിരെ നേതൃത്വത്തിന് പരാതി പോയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് പലയിടത്തും പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റിന് സുരക്ഷിത സീറ്റ് നൽകാത്തതാണ് മുൻ ലോക്കൽ സെക്രട്ടറി പരാജയപ്പെടാൻ കാരണമെന്ന് ആക്ഷേപമുണ്ട്.കരുമാല്ലൂർ സഹകരണ ബാങ്കിൽ അരി വാങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേതുടർന്ന് കോൺഗ്രസ് സമരവും നടത്തി.ഈ വിവരങ്ങൾ ചോർത്തി നൽകിയത് ബാങ്ക് ഭരണസമിതി അംഗങ്ങളായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമാണെന്ന് കാണിച്ച് പാർട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

Tags:    
News Summary - Sectarianism in CPM Karumallur Local Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.