ചേര്‍ത്തല: ലൈംഗിക അധിക്ഷേപം ഉൾപ്പെടെ വിദ്യാര്‍ഥികള്‍ ഗുരുതര പരാതികള്‍ ഉയര്‍ത്തിയ ചേര്‍ത്തല എസ്.എച്ച് നഴ്‌സിങ് കോളജിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി വിവരം. https://www.shcollegeofnursing.com/ എന്ന സൈറ്റിൽ കയറുമ്പോൾ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വിവരമാണ് ലഭിക്കുന്നത്.
'ലൈംഗിക അധിക്ഷേപത്തിൽ ആരോപണവിധേയരായ വൈസ് പ്രിൻസിപ്പൽ അടക്കം മുഴുവൻ ജീവനക്കാരെയും പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്യണമെന്നും ജയിലിലടക്കണമെന്നു'മുള്ള സന്ദേശം സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം, ഡോക്ടര്‍മാരുടെ ചെരിപ്പ് തുടപ്പിക്കുന്നു, വാര്‍ഡും ശൗചാലയവും കഴുകിക്കുന്നു തുടങ്ങിയ പരാതികളാണ് നഴ്സിങ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. ലൈംഗിക അധിക്ഷേപം ഉൾപ്പെടെ വിദ്യാര്‍ഥികള്‍ ഗുരുതര പരാതികള്‍ ഉയര്‍ത്തിയ ചേര്‍ത്തല എസ്.എച്ച് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രീതാമേരിയെ ഇന്ന് ചേർന്ന നഴ്‌സിങ് കൗണ്‍സില്‍ യോഗം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എസ്.എച്ച് കോളജില്‍ വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്ന വിഷയം കേരള നഴ്‌സസ് യൂനിയനാണ് കൗണ്‍സിലിന്റെ മുന്നിലെത്തിച്ചത്. കൗണ്‍ലിംഗങ്ങള്‍ നടത്തിയ തെളിവെടുപ്പിലാണ് വിദ്യാര്‍ഥികള്‍ ഗൗരവമായ പരാതികള്‍ ഉയര്‍ത്തിയത്. പ്രധാനമായും വൈസ് പ്രിന്‍സിപ്പലിനെതിരായിരുന്നു പരാതികള്‍.
തുടർന്ന് വിദ്യാര്‍ഥി യുവജന സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തുവന്നു. നഴ്‌സിങ് കൗണ്‍സിലിന്റെ നിർദേശത്തെ തുടര്‍ന്ന് ചേര്‍ന്ന രക്ഷകര്‍ത്താക്കളുടെ യോഗത്തിലും ഇതേ തരത്തില്‍ പരാതികളുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ വീണ്ടും റിപ്പോര്‍ട്ട് തയാറാക്കി കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് നൽകിയിരുന്നു. റിപ്പോര്‍ട്ടില്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടത്തിയാണ് നടപടി സ്വീകരിച്ചത്.
വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ പരാതികള്‍ പഠിക്കാന്‍ അഞ്ചംഗ കമീഷനും രൂപം നല്‍കിയിട്ടുണ്ട്. മൂന്ന് കൗണ്‍സില്‍ അംഗങ്ങള്‍ക്കൊപ്പം ഗവ. നഴ്‌സിങ് കോളജിലെയും സ്വകാര്യ കോളജിലെയും ഓരോ അധ്യാപകരെയും ഉൾപ്പെടുത്തിയാണ് അഞ്ചംഗ കമീഷന്‍. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.