മലപ്പുറം: കാലിക്കറ്റ് സർവകലാശാല കലോത്സവത്തിന്റെ പേരിൽ എസ്.എഫ്.ഐ വലിയ രീതിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി. സി സോൺ കലോത്സവത്തിന്റെ പേരിൽ വലിയ തട്ടിപ്പാണ് നടക്കുന്നത്. എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് കലോത്സവം ഉപയോഗപ്പെടുത്തി പണപ്പിരിവ് നടത്തുകയാണ്. പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്ന് ശേഖരിച്ച 1.18 കോടി രൂപ യൂനിയന്റെ കൈവശമുണ്ട്. ഇതിന് പുറമെയാണ് പിരിവ് നടത്തുന്നത്. മുൻകാലങ്ങളിലില്ലാത്ത രീതിയിൽ രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ 1,000 രൂപ ഓരോ കോളജിൽനിന്ന് പിരിക്കുന്നു.
കലോത്സവത്തിന്റെ എൻട്രികൾ അയക്കാനായി നൽകിയ മെയിൽ ഐ.ഡിയോടൊപ്പം ആദ്യം നൽകിയ ഫോൺ നമ്പർ എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടേതാണ്. ഈ നമ്പറിൽനിന്ന് ഫോണിൽ വിളിച്ചാണ് 1,000 രൂപ നൽകാൻ ആവശ്യപ്പെടുന്നത്. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായ പി.വി. ഗോപികയുടെ ഗൂഗിൾ പേ നമ്പറിലേക്കാണ് പണം അയക്കുന്നത്. എന്നിട്ട് വ്യാജ രശീതിയാണ് വിദ്യാർഥികൾക്ക് നൽകുന്നത്. സർവകലാശാല പുറത്തിറക്കിയ നോട്ടീസിൽ പ്രോഗ്രാം കൺവീനർ സജാദാണ്. എന്നാൽ, പ്രോഗ്രാം കൺവീനർ എന്ന പേരിൽ രശീതിയിൽ ഒപ്പിട്ട് നൽകുന്നത് ഗോപികയാണ്. ഇത്തരത്തിൽ പണം പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് സർവകലാശാല ഡീൻ പറയുന്നത്. കൂടാതെ, വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും വലിയ തുക കലോത്സവ നടത്തിപ്പ് എന്ന പേരിൽ എസ്.എഫ്.ഐ ആവശ്യപ്പെടുന്നുണ്ട്. ഈ പണം അവരുടെ ജില്ല സമ്മേളനത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും എം.എസ്.എഫ് ആരോപിച്ചു. തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ്, സംസ്ഥാന കമ്മിറ്റി അംഗം അഖിൽ കുമാർ ആനക്കയം, കാലിക്കറ്റ് സർവകലാശാല യൂനിയൻ എക്സിക്യൂട്ടിവ് അംഗം എം.പി. സിഫ്വ എന്നിവരും സംബന്ധിച്ചു.
മലപ്പുറം: കാലിക്കറ്റ് സർവകലാശാല സി സോൺ കലോത്സവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ ഫീസായി 1000 രൂപ വീതം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയത് രജിസ്ട്രേഷൻ കൗണ്ടറിൽ ഇരിക്കുന്നതിനാലാണെന്ന് പി.വി. ഗോപിക. ഇവരുടെ ഗൂഗിൾ പേ നമ്പറിലേക്കാണ് പണം അയക്കുന്നതെന്നായിരുന്നു എം.എസ്.എഫിന്റെ ആരോപണം.
കലോത്സവത്തിന്റെ രജിസ്ട്രേഷന് വേണ്ടി ഇരിക്കുന്നതിനാലും പണം വന്നത് പരിശോധിക്കുന്നതിനും വേണ്ടിയാണ് തന്റെ അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെട്ടെതെന്ന് ഗോപിക മാധ്യമത്തോട് പറഞ്ഞു. ഈ പണം സ്വന്തം ആവശ്യത്തിന് വേണ്ടിയല്ല കലോത്സവത്തിനായി യൂനിയന് നൽകുകയാണ് ചെയ്യുന്നത്. പ്രോഗ്രാം കൺവീനറുടെ പേരിൽ ഒപ്പിട്ടുനൽകിയത് കൺവീനറായ സജാദിന്റെ അനുമതിയോടെയാണെന്നും ഇവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.