പാലക്കാട്: സിറ്റിങ് സീറ്റായ പാലക്കാട് തന്നെ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. മറ്റ് തരത്തിലുള്ള പ്രചാരണങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്തെന്ന് അറിയില്ല. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കമായെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പാലക്കാട് തന്നെ മത്സരിക്കാമെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റിൽ നിന്ന് മാറുമെന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കുന്നതല്ല. മണ്ഡലം മാറണമെന്ന ചർച്ച ഉണ്ടായിരുന്നെങ്കിൽ അത് എന്നേ ആരംഭിക്കാമായിരുന്നു. തനിക്കെതിരെ മത്സരിക്കില്ലെന്ന് മുൻ ഡി.സി.സി അധ്യക്ഷൻ എ.വി ഗോപിനാഥ് പറഞ്ഞിട്ടുണ്ടെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
പാലക്കാട് മണ്ഡലത്തിലെ ജനങ്ങൾ താൻ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ ജനത തന്നെ കൈവിടില്ലെന്ന് അറിയാം. മണ്ഡലത്തെ കുറിച്ച് ഭയാശങ്കകളുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലൂടെയുള്ള പദയാത്രയോടെ ആണ് ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പദയാത്രക്ക് 'തുടർയാത്ര' എന്നാണ് പേര് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.