ബാര്‍ കോഴയിലെ വിജിലന്‍സ് സത്യവാങ്മൂലം: എസ്.പി സുകേശനെ സമ്മര്‍ദത്തിലാക്കാന്‍ ശങ്കര്‍ റെഡ്ഢി ശ്രമിച്ചെന്ന്

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എ.ഡി.ജി.പി ആര്‍. ശങ്കര്‍ റെഡ്ഢി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചതായി വിജിലന്‍സ് ഹൈകോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥനെ മാനസികമായി പീഡിപ്പിച്ച് തന്‍െറ വരുതിയില്‍ നിര്‍ത്താന്‍ ശങ്കര്‍ റെഡ്ഢി ശ്രമിച്ചതായി വിജിലന്‍സ് ഇന്‍സ്പെക്ടര്‍ പി. ജ്യോതികുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് ഇതിന്‍െറ ഭാഗമായാണ്.

താന്‍ നിര്‍ദേശിക്കുന്നപ്രകാരം വേണം വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെന്ന് ശങ്കര്‍ റെഡ്ഢി സുകേശനോട് ആവശ്യപ്പെട്ടതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി തനിക്കെതിരെ ത്വരിതപരിശോധനക്ക് ഉത്തരവിട്ടതിനെതിരെ ശങ്കര്‍ റെഡ്ഢി നല്‍കിയ ഹരജിയിലാണ് സത്യവാങ്മൂലം.
ബാര്‍ കോഴക്കേസ് അന്വേഷണത്തിനിടെ സുകേശന്‍ രണ്ടുതവണ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടേണ്ടിവന്നു. രണ്ടാമത്തെ അന്വേഷണം ശങ്കര്‍ റെഡ്ഢി നേരിട്ട് പുറപ്പെടുവിച്ച ഉത്തരവിന്‍െറ അടിസ്ഥാനത്തിലായിരുന്നു.

കൂടാതെ, കേസിലെ സാക്ഷികളായ അമ്പിളി എന്ന വിജയകുമാറിന്‍െറ മൊഴിയും സജി ഡൊമിനിക്കിന്‍െറ നീക്കങ്ങളും സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരുത്തണമെന്ന നിര്‍ദേശവും ശങ്കര്‍ റെഡ്ഢി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കി. ഇതനുസരിച്ച് തയാറാക്കിയ സൂക്ഷ്മപരിശോധനാ റിപ്പോര്‍ട്ടും അന്തിമറിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കാന്‍ പെന്‍ഡ്രൈവിലാക്കി കൈമാറുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കേസ് അവസാനിപ്പിക്കണമെന്ന ശിപാര്‍ശയോടെ സുകേശന്‍ വിജിലന്‍സ് കോടതിയില്‍ തുടരന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചതോടെ അന്തിമറിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്കനുസൃതമായി കേസ് ഡയറിയില്‍ വസ്തുതകള്‍ ഉള്‍പ്പെടുത്താന്‍ ശങ്കര്‍ റെഡ്ഢി നിര്‍ദേശിച്ചു. എന്നാല്‍, അന്തിമറിപ്പോര്‍ട്ടിന് അനുസൃതമായി കേസ് ഡയറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാറ്റം വരുത്തിയില്ല. ഇതേതുടര്‍ന്നാണ് സുകേശനെതിരെ രണ്ടാമത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവുണ്ടായത്. ഈ സാഹചര്യത്തില്‍ ശങ്കര്‍ റെഡ്ഢിയുടെ ഹരജി തള്ളണമെന്നാണ് സത്യവാങ്മൂലത്തിലെ ആവശ്യം.

സുകേശന്‍ നല്‍കിയ വസ്തുതാറിപ്പോര്‍ട്ട് വിശദമായി പരിഗണിച്ച് മേല്‍നോട്ടക്കുറിപ്പുകളാണ് താന്‍ നല്‍കിയതെന്നാണ് ശങ്കര്‍ റെഡ്ഢിയുടെ വാദം. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇതിന് നിയമപരമായ അധികാരമുണ്ടെന്നും ഹരജിയില്‍ പറയുന്നു.

Tags:    
News Summary - shankar reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.