കോഴിക്കോട്: വീട്ടുകാർക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുകയും അതിനായി സമയം കണ്ടെത്തുകയും ചെയ്ത അർജുന്റെ അന്ത്യവിശ്രമവും വീട്ടുമുറ്റത്തുതന്നെ. ജോലിക്കായി വീടുവിട്ടുപോയാൽ, വീട്ടിലെ ഓരോ അംഗത്തെയും പലതവണ വിളിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്യുന്ന പ്രകൃതക്കാരനായ അർജുന് വീടുവിട്ടൊരു ലോകം ഉണ്ടായിരുന്നില്ല.
വിവരങ്ങൾ ചോദിച്ചറിഞ്ഞാൽ മാത്രം പോരാ, വീട്ടുകാരുമായി പലതവണ വിഡിയോ കാൾ ചെയ്യുന്നതും അർജുന്റെ ശീലമായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും രണ്ടര വയസ്സുകാരൻ അയാന്റെയും ശബ്ദം കേട്ടില്ലെങ്കിൽ താൻ അസ്വസ്ഥനാകുമെന്ന് അർജുൻതന്നെ പലതവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അർജുന്റെ ഫോണിന് വീട്ടുകാരും ഏറെ പ്രാധാന്യം കൊടുത്തിരുന്നു. വീട്ടുകാരെ മാറിമാറി വിളിക്കുന്നതിനാൽ വീട്ടിലെ ഓരോ നിമിഷത്തിലും അർജുനും പങ്കാളിയാകുന്നതായി കുടുംബാംഗങ്ങൾക്ക് തോന്നി.
ആ ചിന്തക്ക് ഭംഗം വരാതിരിക്കാൻ, വീട്ടുകാരുടെ ഓരോ ഹൃദയമിടിപ്പും അടുത്തിരുന്നറിയാൻവേണ്ടി വീടിനുചേർന്നുതന്നെയാണ് ആറടി മണ്ണിൽ വിശ്രമമൊരുക്കുന്നത്.
മകൻ അയാന്റെ പൂപുഞ്ചിരി കാണാനും ശ്രദ്ധകിട്ടാനും അവൻ ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായ ലോറി അർജുൻ വീട്ടിൽനിന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നു. വിഡിയോ കാൾ ചെയ്യുമ്പോൾ അയാൻ പല ഭാഗത്തേക്കും ശ്രദ്ധമാറ്റുമ്പോൾ അർജുൻ ലോറിയെടുത്തു കാണിക്കും. പിന്നീട് എത്രസമയം വേണമെങ്കിലും അയാൻ പിതാവുമായി ഫോണിൽ സംസാരിച്ചിരിക്കുമായിരുന്നു.
വീട്ടിലേക്കുള്ള അവസാനയാത്രയിലും അർജുൻ പുതിയ കളിപ്പാട്ടങ്ങൾ വാങ്ങിവെച്ചിരുന്നു. സഹോദരിമാർക്കും സഹോദരനും അച്ഛനും അമ്മക്കും എല്ലാവർക്കും കൂടി താമസിക്കാൻ ഒരു വലിയ വീടെന്ന മോഹം അർജുന്റെ ആഗ്രഹമായിരുന്നു. തുണിക്കടയിൽ ജോലിചെയ്തും പെയിന്റിങ് തൊഴിലെടുത്തും പിക്-അപ് വാനിൽ ലോറി ഡ്രൈവറായും ബസിൽ ജോലിചെയ്തുമെല്ലാം ആ മോഹം പൂവണിയിച്ചു.
ബാങ്കിൽനിന്ന് വായ്പയെടുത്താണ് അർജുൻ വീട് നിർമിച്ചത്. ആ വീടിനോട് ചേർന്ന് സംസ്കരിക്കുമ്പോൾ വീട്ടുകാരുടെ കളിയും ചിരിയും വേദനയുമെല്ലാം അടുത്തിരുന്ന് അർജുന് കേൾക്കാനാകുമെന്ന വിശ്വാസത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.