കൊച്ചി: സംസ്ഥാനത്തെ പി.എച്ച്.സി ഉൾപ്പെടെ ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ലാത്തത് മരുന്നുവിതരണം താളം തെറ്റിക്കുന്നു. പി.എച്ച്.സികളിൽ രണ്ട് ഫാർമസിസ്റ്റുകൾ വേണ്ടിടത്ത് ഒരാളാണുള്ളത്. ഇതുമൂലം രോഗികളും അധികഭാരം മൂലം ഫാർമസിസ്റ്റുകളും ദുരിതം അനുഭവിക്കുകയാണ്. ഒരാൾ ഉള്ളിടത്ത് അവധിയെടുത്താൽ യോഗ്യതയില്ലാത്ത നഴ്സുമാരോ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരോ ഒക്കെയാണ് മരുന്നെടുത്തു കൊടുക്കുന്നത്. ചിലയിടങ്ങളിൽ ഡോക്ടർമാർതന്നെ ഫാർമസിസ്റ്റിന്റെ ജോലി ചെയ്ത സാഹചര്യവുമുണ്ട്.
പി.എസ്.സി വഴി ഫാർമസിസ്റ്റ് നിയമനം നീളുന്നതും വേണ്ടത്ര തസ്തിക സൃഷ്ടിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഇടതുസർക്കാറിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആർദ്രത്തിന്റെ ഭാഗമായി ഒന്നാംഘട്ടത്തിൽ 170 കുടുംബാരോഗ്യകേന്ദ്രം (എഫ്.എച്ച്.സി) ആരംഭിച്ചപ്പോൾ ഡോക്ടർ, നഴ്സ് തസ്തികകൾ മാത്രമാണ് സൃഷ്ടിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടപ്പോൾ 150 ഫാർമസിസ്റ്റ് തസ്തിക അനുവദിച്ചു. രണ്ടാം ഘട്ടത്തിൽ 502 എഫ്.എച്ച്.സികൾ ആരംഭിച്ചപ്പോൾ 1000 തസ്തിക അനുവദിച്ചെങ്കിലും ഒരെണ്ണംപോലും ഫാർമസിസ്റ്റുകൾക്കുണ്ടായിരുന്നില്ല.
മരുന്നുകളുടെയും അനുബന്ധ സാമഗ്രികളുടെയും സംഭരണം, സൂക്ഷിപ്പ്, വിതരണം, സ്റ്റോക്ക് അക്കൗണ്ടിങ് തുടങ്ങിയവയെല്ലാം ഫാർമസിസ്റ്റുമാരുടെ ചുമതലയാണ്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയാണ് ജോലി സമയം. പലതവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്ന് കേരള ഗവ.ഫാർമസിസ്റ്റ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
അതേസമയം, ഒട്ടുമിക്ക ജില്ലകളിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും ഒരു ഒഴിവുപോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത സ്ഥിതിയാണുള്ളത്. ലിസ്റ്റിന്റെ കാലാവധി തീരുകയെന്നല്ലാതെ മുൻകൂട്ടി പ്രസിദ്ധീകരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് പരീക്ഷയുടെ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.