കെ റെയിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു; നഷ്​ടപരിഹാരം ഇങ്ങനെ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ-നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. വാസസ്​ഥലം നഷ്ടപ്പെടുന്ന ഭൂ ഉടമകൾക്ക്​ നഷ്ടപരിഹാരത്തോടൊപ്പം 4.60 ലക്ഷം രൂപയും അല്ലെങ്കിൽ നഷ്ടപരിഹാരവും 1.60 ലക്ഷം രൂപയും ലൈഫ്​ മാതൃകയിലുള്ള വീടുമാണ്​ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ഭൂരഹിതരാകുന്ന അതിദരിദ്ര കുടുംബങ്ങൾ, വാണിജ്യ സ്ഥാപനം നഷ്​ടപ്പെടുന്ന ഭൂഉടമകൾ, ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിലായാണ്​ നഷ്ടപരിഹാരം നിശ്ചയിച്ചത്​. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യ സ്ഥാപന ഉടമകൾക്കും വാടകക്കാർക്കും പ്രത്യേകം തുക നിർദേശമുണ്ട്. കാലിത്തൊഴുത്ത് അടക്കം പൊളിച്ചാൽ എത്ര രൂപ നൽകുമെന്നും വ്യക്തമാക്കുന്നു.

ഗ്രാമപഞ്ചായത്തുകളിൽ ഭൂമിയുടെ മാർക്കറ്റ്​ വിലയുടെ നാലിരട്ടി വരെയും പട്ടണ പ്രദേശങ്ങളിൽ രണ്ടിരട്ടിവരെയും നൽകും. സിൽവർ ലൈൻ പദ്ധതിയിൽ നഷ്ടപരിഹാരം നൽകാൻ മാത്രം 13,265 കോടി രൂപ നീക്കിവെച്ചു​. ഇതിൽ പുനരധിവാസത്തിന്​ 1730 കോടിയും വീടുകളുടെ നഷ്​ടപരിഹാരത്തിന്​ 4460 കോടിയും ഉൾ​പ്പെടുന്നു.

Full View

2013ലെ നിയമമനുസരിച്ചാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നത്. ദേശീയപാതക്ക്​ ഭൂമിയേറ്റെടുക്കു​മ്പോൾ നൽകുന്ന അതേ നഷ്ടപരിഹാര മാനദണ്ഡമാണ് സിൽവർ ലൈനിനും. ഭൂമി ഏറ്റെടുക്കൽ രണ്ട്​ വർഷംകൊണ്ട്​ പൂർത്തിയാക്കും. നഷ്ടപരിഹാരം കൊടുക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്നാണ്​ കെ-റെയിൽ വിശദീകരിക്കുന്നത്​. ഭൂമി ഏറ്റെടുത്ത്​ നൽകേണ്ട ചുമതല റവന്യൂ വകുപ്പിനാണ്​. ഡി.പി.ആർ അനുസരിച്ച്​ 1383 ഹെക്ടർ ഭൂമിയാണ്​ വേണ്ടിവരിക. ഇതിൽ 185 ഹെക്ടർ റെയിൽവേ ഭൂമിയാണ്​. ശേഷിക്കുന്ന 1198 ഹെക്ടർ സ്വകാര്യഭൂമിയും.

നഷ്ടപരിഹാരം ഇങ്ങനെ

  • വാസസ്ഥലവും ഭൂമിയും നഷ്ടമാകുന്ന അതി ദരിദ്ര കടുംബങ്ങൾ: നഷ്ടപരിഹാരം+അഞ്ച്​ സെന്‍റ്​ ഭൂമി+ലൈഫ്​ മാതൃകിൽ വീട്​/നഷ്ടപരിഹാരം+ അഞ്ച്​ സെന്‍റ് ​ഭൂമി+നാല്​ ലക്ഷം രൂപ/നഷ്ടപരിഹാരം+10 ലക്ഷം രൂപ
  • വാണിജ്യസ്ഥാപനം നഷ്​​ടപ്പെടുന്ന ഭൂ ഉടമകൾ: നഷ്ടപരിഹാരം+50,000 രൂപ വരെ
  • വാടകക്കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്നവർ: രണ്ട്​ ലക്ഷം രൂപ
  • വാസസ്ഥലം നഷ്ടപ്പെടുന്ന വാടകത്താമസക്കാർ: 30,000 രൂപ
  • തൊഴിൽ നഷ്ടപ്പെടുന്ന സ്വയംതൊഴിൽ ചെയ്യുന്നവർ: 50,000 രൂപ
  • ചെറുകച്ചവടക്കാർ, കരകൗശല പണിക്കാർ: 50,000 രൂപ
  • ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ​ തൊഴിലാളികൾ: 6000 രൂപ വീതം ആറ്​ മാസം
  • പെട്ടിക്കടകൾ: 25,000 മുതൽ 50,000 രൂപ ​വരെ
  • പുറമ്പോക്ക്​ ഭൂമിയിലെ താമസക്കാർ/കച്ചവടം നടത്തുന്നവർ: ചമയങ്ങളുടെ വില+5000 രൂപ വീതം ആറ്​ മാസം
  • കാലിത്തൊഴുത്തുകൾ: 25000 മുതൽ 50000 രൂപ വരെ
തിരുവനന്തപുരത്ത്​ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

എതിർപ്പുകൾക്ക്​ വഴങ്ങില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിഷേധങ്ങൾ കനപ്പെടുന്നതിനിടെ, സിൽവർ ലൈൻ പദ്ധതിയിൽ ഉറച്ചുനിൽക്കുമെന്ന്​ പ്രഖ്യാപിച്ചും നാടിന്‍റെ താൽപര്യം മുൻനിർത്തി എതിർപ്പുകൾ വകവെക്കാതെ ശക്തമായി മുന്നോട്ടുപോകുമെന്ന ​മുന്നറിയിപ്പ്​ നൽകിയും മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി​ വിശദീകരിക്കാനും അഭിപ്രായങ്ങൾ സമാഹരിക്കാനുമായി 'ജനസമക്ഷം' എന്ന പേരിൽ വിളിച്ച പൗരപ്രമുഖരുടെ യോഗത്തിലാണ്​ മുഖ്യമന്ത്രി നിലപാട്​ വ്യക്തമാക്കിയത്​​. സർക്കാർ നയം അക്കമിട്ട്​ വ്യക്തമാക്കിയ മുഖ്യമന്ത്രി പദ്ധതിക്കെതിരെ പൊതുവായി ഉയരുന്ന ആരോപണങ്ങൾക്ക്​ മറുപടിയും നൽകി.

വികസനവുമായി മുന്നോട്ടു​പോകു​മ്പോൾ നാടിന്‍റെ താൽപര്യത്തിന്​ വിരുദ്ധരായ ചില ശക്തികൾ ഉയർത്തുന്ന എതിർപ്പുകൾക്ക്​ വഴങ്ങില്ലെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വികസനം സാധ്യമാക്കുകയാണ്​ സർക്കാർ സമീപനം. പശ്ചാത്തല സൗകര്യം വികസിച്ചാലേ ജീവിതനിലവാരവും സാഹച​ര്യവും മെച്ച​പ്പെടൂ. ഇത്ത​രം ഇടപെടലുകളില്ലാതെ നാടിന്​​ മുന്നോട്ട്​ പോകാനാവില്ല. സഞ്ചാര വേഗത്തിന്​​ തടസ്സമുണ്ടായാൽ നാടിന്‍റെ പുരോഗതിയെ തന്നെ തടസ്സപ്പെടുത്തും. കാലം മു​ന്നോട്ടുപോകുമ്പോൾ 'ഇന്നുള്ളിടത്ത്​ തന്നെയേ നിൽക്കൂ' എന്ന്​ ശാഠ്യം പിടിച്ചാൽ ഏറെ പിന്നിലായിപ്പോകും.

വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങളുയരുമ്പോൾ ചിലരതിനെ ശക്തമായി എതിർക്കുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണുള്ളത്​. എതിർപ്പുകൾക്കുപിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളാണ്​. നിരവധി പേർക്ക് തൊഴിൽ നൽകുന്ന വ്യവസായ സംരംഭങ്ങളുണ്ടാകണമെങ്കിൽ വേഗത്തിലുള്ള ഗതാഗത സംവിധാനങ്ങൾ അനിവാര്യമാണ്​. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി​യേറ്റെടുക്കുന്നവർക്ക്​ പുനരധിവാസം ഉറപ്പുവരുത്തും.പരിസ്ഥിതിക്ക്​ താരതമ്യേന കുറഞ്ഞ ആഘാതം മാത്രമുണ്ടാക്കും വിധത്തിലാണ്​ സിൽവർ ലൈൻ പണിയുകയെന്നും അദ്ദേഹം വിശദീകരിച്ചു. കെ-റെയിൽ എം.ഡിയുടെ അവതരണത്തിനുശേഷം സദസ്സിന്​ സംശയദൂരീകരണത്തിനും അവസരമുണ്ടായിരുന്നു.

ദേശീയപാതയും ഗെയിലും നിരത്തി മുഖ്യമന്ത്രി; ധവളപത്രമിറക്കണമെന്ന്​ ചർച്ചയിൽ ആവശ്യം

തിരുവനന്തപരും: ഗെയിൽ പൈപ്പ് ​ലൈനിലെയും ദേശീയപാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കലി​ലെയും അനുഭവങ്ങളുടെ വെളിച്ചത്തിൽ സിൽവർ ലൈനിലും ആത്മവിശ്വാസം പ്രകടിപ്പിച്ച്​ മുഖ്യമന്ത്രി. പ്രതിഷേധങ്ങളെ എങ്ങനെ നേരിട്ടുവെന്ന്​ പറയാതെ പറയുന്നതായിരുന്നു സിൽവർ ലൈൻ വിശദീകരണയോഗത്തിലെ അദ്ദേഹത്തിന്‍റെ വാക്കുകൾ. അതേസമയം യോഗത്തിൽ ​പ​​ങ്കെടുത്തവരിലധികവും ഉന്നയിച്ചത്​ ഭൂമിയേ​​റ്റെടുക്കലും നഷ്​ടപരിഹാരവും സംബന്ധിച്ച സംശയങ്ങളാണ്​. സിൽവർ ലൈനിനെ നിലവിലെ പാതയുമായി ബന്ധിപ്പിക്കണമെന്നും പദ്ധതിയെക്കുറിച്ച്​ ധവളപത്രമിറക്കണമെന്നും ആവശ്യമുയർന്നു.

2016ൽ ഇടത്​ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇവിടെ ഒന്നും നടക്കില്ലെന്ന നിരാശാഭാവമായിരുന്നെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത പഴയ പഞ്ചായത്ത്​ റോഡിനേക്കാൾ മോശമായിരുന്നു. പദ്ധതിയുടെ ആവശ്യകത എല്ലാവരെയും ബോധ്യപ്പെടുത്തി. ഇപ്പോൾ തലപ്പാടി മുതൽ ഇങ്ങോട്ടുള്ള ഓരോ റീച്ചും ടെൻഡർ ചെയ്യുകയാണ്​. ഗെയിൽ ​പൈപ്പ്​ ലൈനിനും സമാന അനുഭവമായിരുന്നു. കൂടുംകുളത്തുനിന്ന്​ വൈദ്യുതി എത്തിക്കാൻ ലൈൻ വലിക്കുന്നതിനെ എതിർത്തവരോട്​ സാധാരണ നിലയിൽ സർക്കാർ സ്വീകരിക്കുന്ന നടപടി സ്വീകരിച്ചു. അതോടെ അവരും പിന്മാറി -മുഖ്യമന്ത്രി പറഞ്ഞു.

കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാറാണ്​ സദസ്സിന്‍റെ ചോദ്യങ്ങളോടും നിർദേശങ്ങളോടും പ്രതികരിച്ചത്​. ഡി.പി.ആർ പുറത്തുവിടാനാവില്ലെന്ന നിലപാട്​ അദ്ദേഹം ആവർത്തിച്ചു. 79,000 പേർ പ്രതിദിനം യാത്രചെയ്യും. പച്ചക്കറികളും പഴങ്ങളും സിൽവർ ലൈൻ വഴി എത്തിക്കാൻ സൗകര്യമൊരുക്കണമെന്ന്​ വ്യാപാരികൾ ആവശ്യപ്പെട്ടു. കേരളത്തിലേക്കെത്തിക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും 30 ശതമാനവും കേടാവുകയാണ്​. ഇതിന്‍റെ മൂല്യംകൂടി ഉൾപ്പെടുത്തിയാണ്​ വിലയിടുന്നത്​. സിൽവർ ലൈൻ വഴി ഇവയെത്തിക്കാനായാൽ വില കുറക്കാനാകുമെന്നും അഭി​പ്രായമുയർന്നു. ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു കെ-റെയിലിന്‍റെ മറുപടി. സിൽവർ ​ലൈൻ വഴി രോഗികളെ എത്തിക്കുന്നതിന്​ പ്രത്യേക സംവിധാനമുണ്ടാകുമെന്നും വിശദീകരിച്ചു.

Tags:    
News Summary - silverline compensation package announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.