ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്' എന്ന പേരിൽ സീതാറാം യെച്ചൂരി ഒരു പുസ്തകം എഴുതുന്നത് 2012ലാണ്. ഇന്ത്യൻ രാഷ്ട്രീയപാത വലതുവശ ഡ്രൈവിങിന് പാകപ്പെട്ടുകഴിഞ്ഞിരിക്കുന്ന ഈ കാലത്ത് അതിനെതിരെ തുഴയാൻ യെച്ചൂരിക്ക് ഒരിക്കൽ കൂടി നിയോഗം കൈവന്നിരിക്കുകയാണ്. 'ലെഫ്റ്റ് ഹാൻഡ് ഡ്രൈവി'ന് ഈ പാതയിൽ ഇനിയെത്ര സാധ്യതയുണ്ടെന്ന ചോദ്യമാണ് മൂന്നാമൂഴത്തിൽ യെച്ചൂരിക്ക് മുന്നിൽ ഉയരുന്നത്.
അതിവേഗം വലതുപക്ഷവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ ഇടതുപക്ഷത്തിന്റെ തിളങ്ങുന്ന മുഖമാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി യെച്ചൂരി. പ്രായോഗികവാദത്തിന്റെ തത്ത്വചിന്തയുമായി പ്രകാശ് കാരാട്ട് സി.പി.എമ്മിനെ നയിച്ചിരുന്നകാലത്തും ബദൽ പ്രതീക്ഷയായിരുന്നു യെച്ചൂരി. 2015ൽ വിശാഖപട്ടണത്ത് നടന്ന 21 ാം പാർട്ടി കോൺഗ്രസിൽ കാരാട്ട് ഒഴിയുമ്പോൾ പിൻഗാമി ആരെന്നതിൽ പാർട്ടിക്കും സമൂഹത്തിനും സന്ദേഹമൊന്നുമുണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ അഞ്ചാമത് ജനറൽ സെക്രട്ടറിയായി 62ാം വയസ്സിലാണ് യെച്ചൂരി സ്ഥാനമേറ്റത്.
1952 ആഗസ്റ്റ് 12ന് അന്നത്തെ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായ ആന്ധ്രയിൽ തെലുഗു ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജിനീയറായ സർവേശ്വര സോമയാജുല യെച്ചൂരിയാണ് പിതാവ്. മാതാവ് കൽപകം സർക്കാർ ഉദ്യോഗസ്ഥയും. കടുത്ത യാഥാസ്ഥിതിക കുടുംബമായിരുന്നുവെങ്കിലും കൗമാരത്തിൽ തന്നെ യെച്ചൂരി കമ്യൂണിസത്തിൽ ആകൃഷ്ടനായി.
'69ൽ തെലങ്കാന പ്രക്ഷോഭത്തിന് പിന്നാലെ യെച്ചൂരി രാജ്യതലസ്ഥാനത്തെത്തി. ന്യൂഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു തുടർപഠനം. ജെ.എൻ.യുവിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം. പഠനകാലത്ത് തന്നെ താർക്കികനായും പേരുകേൾപ്പിച്ചു. '74ൽ എസ്.എഫ്.ഐയിൽ ചേർന്നതോടെ മാർക്സിസത്തിലേക്കുള്ള ജ്ഞാനസ്നാനമായി. ജെ.എൻ.യുവിലെ പഠനത്തിനിടെ അടിയന്തരാവസ്ഥ കാലത്ത് വിദ്യാർഥിനേതാവായിരുന്ന യെച്ചൂരി ജയിലിലായി. '84ൽ 32ാം വയസ്സിൽ സി.പി.എം സെൻട്രൽ കമ്മിറ്റിയിൽ. ചെറുപ്പത്തിലേ വലിയ ചുമതലകൾ കൈവന്നു. പ്രായത്തിൽ കവിഞ്ഞ പക്വതതോടെ അവയെല്ലാം വിജയകരമായി കൈകാര്യം ചെയ്തു. പി. സുന്ദരയ്യയും ഹർകിഷൻ സിങ് സുർജിത്തുമായിരുന്നു യെച്ചൂരിയെയും ഒപ്പം പ്രകാശ് കാരാട്ടിനെയും വളർത്തിയത്. പാർട്ടിയുടെ അന്താരാഷ്ട്രബന്ധങ്ങൾ കൈകാര്യംചെയ്യുന്ന ചുമതലയാണ് തുടക്കത്തിൽ സി.സിയിൽ അദ്ദേഹത്തിന് നൽകപ്പെട്ടത്. യെച്ചൂരിയിലെ നേതാവിനെയും മികച്ച സംഘാടകനെയും കണ്ടെത്തിയത് ബസവ പുന്നയ്യയും ഇ.എം.എസുമായിരുന്നു. എട്ടുവർഷത്തിന് ശേഷം '92ൽ പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ്ബ്യൂറോയിൽ. 2005ൽ രാജ്യസഭ അംഗത്വം. നിരവധി പാർലമെന്ററി സമിതികളിൽ അംഗമായിരുന്ന അദ്ദേഹം ചർച്ചകളിലും നിയമനിർമാണത്തിലും സജീവ സാന്നിധ്യമായിരുന്നു. തെലുഗു, തമിഴ്, ബംഗ്ലാ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യംചെയ്യുന്ന യെച്ചൂരിക്ക് മലയാളം കേട്ടാൽ മനസ്സിലാകും.
കണ്ണൂരിൽ മൂന്നാമതും പാർട്ടിയുടെ ചുക്കാൻ ഏൽപിക്കപ്പെടുമ്പോൾ യെച്ചൂരി പഴയ ചെറുപ്പക്കാരനല്ല. മുൻഗാമിയായ പ്രകാശ് കാരാട്ടിന്റെ കാലത്ത് ആരംഭിച്ച പാർട്ടിയുടെ അതിവേഗ പതനത്തെ തടഞ്ഞുനിർത്താനുള്ള യെച്ചൂരിയുടെ ശ്രമങ്ങളൊന്നും ഫലം കാണുന്നില്ലെന്ന ബോധ്യവും അദ്ദേഹത്തിനുണ്ട്. സമീപകാലത്തെ ചില പ്രസ്താവനകൾ അതിന് തെളിവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.