ശിവഗിരി തീർഥാടനത്തിന് 30ന് തുടക്കം

തിരുവനന്തപുരം: 90ാമത് ശിവഗിരി തീർഥാടന ഉദ്ഘാടനം കേന്ദ്ര പ്രതിരോധകാര്യ മന്ത്രി രാജ്നാഥ് സിങ് നിർവഹിക്കും. ഈമാസം 30ന് രാവിലെ ശിവഗിരിയിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയാകും. രബീന്ദ്രനാഥ ടാഗോറിന്‍റെ ശിവഗിരി സന്ദർശനത്തിന്‍റെയും മഹാകവി കുമാരനാശാന്‍റെ ചണ്ഡാലഭിക്ഷുകിയുടെ രചന ശതാബ്ദിയുടെയും ആഘോഷങ്ങളും ഇതോടൊപ്പം നടക്കുമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

30ന് പുലർച്ച പർണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾക്കുശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ 7.30ന് ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവന്‍റെ സുവർണരേഖകൾ, ഡോ. ഗീതാസുരാജ് രചിച്ച ശിവഗിരി ദൈവദശകം എന്ന ദൈവോപനിഷത്ത് എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.

രണ്ടാംദിവസമായ 31ന് പുലർച്ച 4.30ന് തീർഥാടന ഘോഷയാത്ര ആരംഭിക്കും. 8.30ന് മഹാസമാധിയിൽ തീർഥാടന ഘോഷയാത്രയുടെ സമാപനത്തിൽ സ്വാമി സച്ചിദാനന്ദ തീർഥാടന സന്ദേശം നൽകും. 10ന് നടക്കുന്ന തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മന്ത്രി വി.എൻ. വാസവൻ, എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ലുലു ഗ്രൂപ് എം.ഡി എം.എ. യൂസുഫലി എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിൽ ശിവഗിരി ഹൈസ്‌കൂൾ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും. രാഷ്ട്രപതിയുടെ പ്രവാസി സമ്മാൻ പുരസ്‌കാരം നേടിയ ശിവഗിരി തീർഥാടന കമ്മിറ്റി ചെയർമാൻ കെ.ജി. ബാബുരാജനെ സമ്മേളനത്തിൽ ആദരിക്കും.

ജനുവരി ഒന്നിന് രാവിലെ 10ന് നടക്കുന്ന ശിവഗിരി തീർഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷതവഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാതിഥികളാകും. കവി പ്രഭാവർമ, സൂര്യകൃഷ്ണമൂർത്തി എന്നിവർ വിശിഷ്ടാതിഥികളാകും. തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, തീർഥാടന മീഡിയ കമ്മിറ്റി ചീഫ് കോ ഓഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Sivagiri pilgrimage starts on 30th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.