തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണത്തിൽ കൈവെക്കാതെ ‘സുരക്ഷിതനാ’യാണ് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ പടിയിറങ്ങിയത്. സംസ്ഥാന സർക്കാറിെൻറ രാഷ്ട്രീയതാൽപര്യങ്ങൾക്കൊപ്പം നിന്നാൽ ഭാവിയിൽ അന്വേഷണങ്ങളെ നേരിടേണ്ടിവരുമെന്ന ഭയമായിരുന്നു റിപ്പോർട്ടിന്മേൽ അഞ്ചരമാസത്തിനിടയിൽ ഒരു കേസുപോലും രജിസ്റ്റർ ചെയ്യാൻ ദിവാൻ തയാറാകാത്തതിന് പിന്നിൽ. ഒക്ടോബർ 11നാണ് ഉന്നത യു.ഡി.എഫ് നേതാക്കൾക്കെതിരെ മാനഭംഗത്തിനും അഴിമതിക്കും കേസെടുക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം 22 പേർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
തുടരന്വേഷണത്തിന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാെൻറ നേതൃത്വത്തിൽ ആറംഗസംഘത്തെയും നിയോഗിച്ചു. എന്നാൽ, അന്വേഷണം ഏറ്റെടുക്കാൻ ആദ്യഘട്ടത്തിൽ ദിവാൻ വിസമ്മതിച്ചു. ഏപ്രിലിൽ വിരമിക്കാനിരിക്കുന്ന തന്നെ കുഴിയിൽ ചാടിക്കരുതെന്ന അഭ്യർഥനയാണ് ദിവാൻ പൊലീസ് മേധാവി െബഹ്റക്ക് മുന്നിൽെവച്ചത്. പലതവണ മൊഴിമാറ്റിയിട്ടുള്ള സരിത നായരെ വിശ്വസിച്ച് അവർ പറയുന്ന കത്തിെൻറ അടിസ്ഥാനത്തിൽ എങ്ങനെ കേസെടുക്കുമെന്നാണ് അദ്ദേഹം ബെഹ്റയോട് ചോദിച്ചത്. അഥവാ കേസെടുത്താലും അതിന് നിയമപരിരക്ഷ ഉണ്ടാകില്ലെന്നും കോടതിയിൽ രാഷ്ട്രീയ ബലിയാടാകാൻ താനില്ലെന്നുമാണ് ദിവാൻ പറഞ്ഞത്. എന്നാൽ, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിനാൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് െബഹ്റ അറിയിച്ചതോടെ സോളാർ തുടരന്വേഷണം ദിവാെൻറ തലയിൽ വീഴുകയായിരുന്നു.
എന്നാൽ, അന്വേഷണത്തിൽ വ്യക്തത വരുത്തുന്നതിനായി സർക്കാർ നിയമോപദേശം തേടിയതോടെ അന്വേഷണ ഉത്തരവ് വൈകിയത് ദിവാന് അനുഗ്രഹമായി. കേട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കലല്ല, കേട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് കമീഷെൻറ ഉത്തരവാദിത്തമെന്നും സുപ്രീംകോടതി മുൻ ജഡ്ജി അരിജിത്ത് പസായത്ത് സർക്കാറിന് നിയമോപദേശം നൽകി. കമീഷൻ പരിശോധിച്ച 40 കേസുകൾ വിചാരണകോടതിയുടെ പരിഗണനയിലാണെന്നും പസായത്ത് ചൂണ്ടിക്കാട്ടിയതോടെ സർക്കാർ പരുങ്ങലിലായി. റിപ്പോർട്ടിലെ വസ്തുതകൾ പരിശോധിക്കാതെ കേസെടുത്താൽ കോടതിയിൽ നിലനിൽക്കാനുള്ള സാധ്യതയെക്കുറിച്ച് അഡ്വക്കറ്റ് ജനറലും നിയമസെക്രട്ടറിയും സംശയം പ്രകടിപ്പിച്ചതോടെ സർക്കാർ പിന്നാക്കം പോവുകയായിരുന്നു. തുടർന്ന് നവംബർ ഒമ്പതിന് പൊതുഅന്വേഷണമെന്ന നിലയിലേക്ക് കാര്യങ്ങൾ ചുരുക്കി സർക്കാർ അന്വേഷണ ഉത്തരവ് ഇറങ്ങി.
സരിതയെ വിശ്വസിച്ച് യു.ഡി.എഫ് നേതാക്കൾക്കെതിരെ അഴിമതി, ലൈംഗിക പീഡനം തുടങ്ങിയവയുമായി മുന്നോട്ടുപോയാൽ കോടതിയിൽ സർക്കാറിന് ക്ഷീണമാകുമെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി ഇതേക്കുറിച്ച് അന്വേഷണസംഘത്തോട് ചോദിക്കാത്തതും ദിവാന് അനുഗ്രഹമായി. ദിവാൻ പടിയിറങ്ങുന്നതോടെ അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥന് നൽകാനാണ് ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ തീരുമാനം. പുതിയ ഉത്തരവ് പുറത്തിറങ്ങുന്നതുവരെ ഐ.ജി ദിനേന്ദ്രകശ്യപിനായിരിക്കും അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.